ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയായി ഇന്ത്യ സഖ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും, ഇന്ത്യ സഖ്യം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖര്‍ ജൂലൈ 21-ന് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 9-നാണ് വോട്ടെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക ഓഗസ്റ്റ് 21 ന് സമര്‍പ്പിക്കും.
പതിപക്ഷത്തിന്റെ ഐക്യ സ്ഥാനാര്‍ത്ഥിയായാണ് സുപ്രീം കോടതി മുന്‍ ജഡ്ജിയായ ബി. സുദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യ സഖ്യം തെരഞ്ഞെടുത്തത്. ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയുമായിരുന്നു. 2011-ലാണ് അദ്ദേഹം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്. ഇതൊരു പ്രത്യയശാസ്ത്ര പോരാട്ടമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഈ തീരുമാനത്തില്‍ ഒറ്റക്കെട്ടാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും തന്നെ പിന്തുണയ്ക്കണമെന്ന് സുദര്‍ശന്‍ റെഡ്ഡി അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ താന്‍ ഇന്ത്യയിലെ 60 ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണനാണ്. ഈ മത്സരം ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള ഒരു സുപ്രധാന രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുമെന്നാണ് വിലയിരുത്തല്‍