കത്തു വിവാദത്തില്‍ സിപിഎം നേതൃത്വം മൗനം പാലിക്കുകയാണെന്നും, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സിപിഎം സെക്രട്ടറിയുടെ മകനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ മറുപടി പറയുന്നില്ല. തോമസ് ഐസക്ക് മാത്രമാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്, എന്നാല്‍ അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളില്ലെന്നും സതീശന്‍ പറഞ്ഞു.
കത്തു വിവാദത്തിലെ പ്രധാനി രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണവിധേയരായ ആരും പറഞ്ഞിട്ടില്ല. പിണറായി വിജയന്റെ ഭാഷ കടമെടുത്താല്‍ രാജേഷ് കൃഷ്ണ ഒരു ‘അവതാരമാണ്’. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ വ്യക്തിയാണ് ഇദ്ദേഹം. ഈ സംഭവത്തില്‍ ഒരുപാട് ദുരൂഹതകളുണ്ട്. കത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവന്നത് ഇപ്പോഴാണ്. കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരനാണോ രാജേഷ് കൃഷ്ണ എന്നും അദ്ദേഹം ചോദിച്ചു.
രാജേഷ് കൃഷ്ണയും സിപിഎം നേതാക്കളും തമ്മില്‍ ബന്ധമുണ്ട്. സുഹൃത്തുക്കള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല, എന്നാല്‍ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാകുന്നത് പ്രശ്‌നമാണ്. മേഴ്സിക്കുട്ടി അമ്മ മന്ത്രിയായിരുന്ന കാലത്ത് ഒരു പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്ന ചോദ്യത്തിനും വി.ഡി. സതീശന്‍ ഉത്തരം തേടി. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.