ന്യൂ ഡല്‍ഹി: ‘ദി വയര്‍’ (The Wire) സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പറിനുമെതിരെ ഗുവാഹത്തി ക്രൈംബ്രാഞ്ച് പുതിയ രാജ്യദ്രോഹക്കുറ്റം ചുമത്തി. പുതിയ രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് ‘ദി വയര്‍’ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയക്കുകയും, മൊറിഗാവിലെ കേസില്‍ അസം പോലീസിന്റെ അറസ്റ്റ് പോലുള്ള നടപടികളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്ത അതേ ദിവസമാണ് പുതിയ കേസ് എന്നതും ശ്രദ്ധേയമാണ്.
ഓഗസ്റ്റ് 22-ന് ഗുവാഹത്തിയിലെ പാന്‍ബസാര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പ് 152 (രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍), 196, 197(1)(ഡി)/3(6), 353, 45, 61 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍, എഫ്ഐആറിന്റെ തീയതിയോ, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളോ, എഫ്ഐആറിന്റെ പകര്‍പ്പോ നോട്ടീസിനൊപ്പം നല്‍കിയിട്ടില്ല. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഇത് നിയമപരമായി നിര്‍ബന്ധമാണ്. ഓഗസ്റ്റ് 14-ന് സിദ്ധാര്‍ത്ഥ് വരദരാജനും ഓഗസ്റ്റ് 18-ന് കരണ്‍ ഥാപ്പറിനും സമാനമായ നോട്ടീസ് ലഭിക്കുകയായിരുന്നു.
ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്. ഏത് ലേഖനത്തിന്റെയോ വീഡിയോയുടെയോ പേരിലാണ് പുതിയ കേസെന്ന് വ്യക്തമല്ല. 2025 ജൂണ്‍ 28-ന് ‘ദി വയറില്‍’ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ട് ജൂലൈ 11-ന് മൊറിഗാവില്‍ വരദരാജനെതിരെ ഒരു ബിജെപി ഭാരവാഹി നല്കിയ പരാതിയിലാണ് ആദ്യത്തെ കേസ്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം എഫ്ഐആറുകള്‍ പരസ്യപ്പെടുത്തണമെന്നും അതിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കണമെന്നും വരദരാജനും ഥാപ്പറും മറുപടിയില്‍ ആവശ്യപ്പെട്ടു. എഫ്ഐആറിന്റെ പകര്‍പ്പില്ലാതെ നല്കുന്ന പോലീസ് നോട്ടീസ് അസാധുവാണെന്ന കര്‍ണാടക ഹൈക്കോടതി വിധിയും അവര്‍ ചൂണ്ടിക്കാട്ടി. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഭരണഘടനാ കോടതികള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നിയമപരമായ മുന്‍വ്യവസ്ഥകള്‍ പാലിക്കണമെന്നും അവര്‍ വ്യക്തമാക്കി. ‘ദി വയറി’ന്റെ ഗുവാഹത്തിയിലെ നിയമ പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടും പുതിയ കേസിനെക്കുറിച്ച് യാതൊരു വിവരവും നല്കാന് ഗുവാഹത്തി പോലീസ് തയ്യാറായിട്ടില്ലെന്നും അറിയുന്നു.
2022ല്‍ സുപ്രീം കോടതി മരവിപ്പിച്ച ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന് പകരമായി കൊണ്ടുവന്നതാണ് ബിഎന്‍എസിലെ 152-ാം വകുപ്പ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഈ നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്സും സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു.