കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം മൂന്നായി. താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി രോഗം ബാധിച്ച് മരിച്ചതിനു പിന്നാലെയാണ് മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് കുഞ്ഞ് കഴിയുന്നത്. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അന്നശ്ശേരി സ്വദേശിയായ ഒരു യുവാവിനും രോഗം ബാധിച്ചിട്ടുണ്ട്. ഇദ്ദേഹവും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും, നീന്തുന്നവര്‍ക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നത് മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലൂടെയോ, കര്‍ണപടത്തിലെ സുഷിരങ്ങളിലൂടെയോ ആണ്.
അമീബിക് മസ്തിഷ്‌ക ജ്വരം, വെള്ളത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സ്വിമ്മിങ് പൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജലസ്രോതസ്സുകളും പ്രോട്ടോക്കോള്‍ അനുസരിച്ച് ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ. രാജാറാം അറിയിച്ചു. രോഗം വരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.