Thiruvanchoor Radhakrishnan| തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ഇടപെടല്‍: കോട്ടയത്ത് ആശമാരുടെ സമരപന്തല്‍ പൊളിക്കാനുള്ള പൊലീസ് നീക്കം പാളി

Jaihind News Bureau
Tuesday, August 19, 2025

കോട്ടയത്ത് ആശാ വര്‍ക്കര്‍മാരുടെ സമരത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കുന്നതിനിടെ സമരപന്തല്‍ പൊളിക്കാന്‍ നീക്കം. പൊലീസിന്റേത് പ്രകോപനപരമായ നടപടി എന്നാരോപിച്ച് എം.എല്‍.എ പ്രതിഷേധിച്ചതോടെ പിന്മാറി. ഇന്നലെ രാവിലെ പത്തരയ്ക്ക് കോട്ടയം കലക്ടറേറ്റില്‍ നടന്ന സമര സംഗമത്തിലാണ് പൊലീസിന്റെ പ്രതികാര നടപടി.

ആശാപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നടപടികള്‍ക്കെതിരെ നടത്തിവരുന്ന ആയിരം പ്രതിഷേധങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ നടന്ന ജില്ലാതല ഉദ്ഘാടന വേളയിലാണ് സംഭവം. പോലീസ് സമരപ്പന്തല്‍ പൊളിച്ച് നീക്കാനായി എത്തിയതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടന പ്രസംഗം നിര്‍ത്തി സംഭവത്തില്‍ ഇടപെട്ടത്. പന്തല്‍ പൊളിക്കാന്‍ ഓര്‍ഡര്‍ ഉണ്ടോ എന്നും, ആശാ പ്രവര്‍ത്തകരായതുകൊണ്ടാണോ പൊലീസിന്റെ കിരാത നടപടി എന്നും അദ്ദേഹം പൊലീസിനോട് ചോദിച്ചു. പന്തല്‍ പൊളിക്കാന്‍ അനുവദിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ഇവര്‍ പിന്മാറുകയായിരുന്നു. തൊഴിലാളി സമരങ്ങളുടെ പേരില്‍ അധികാരത്തില്‍ ഇരിക്കുന്ന സി.പിഎം സര്‍ക്കാരാണ് സ്ത്രീ തൊഴിലാളികളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും, ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും എംഎല്‍എ പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍ കളക്ടറേറ്റിനു മുമ്പില്‍ പന്തല്‍ കെട്ടിയുള്ള സമരത്തിന് കോടതി വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പന്തല്‍ പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ടത്. എംഎല്‍എ ഉദ്ഘാടനത്തിനായി എത്തുന്നതിന് മുമ്പ് തന്നെ പന്തലിന്റെ തകിട് ഷീറ്റുകള്‍ ഇവര്‍ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നാലെ ഉദ്ഘാടനത്തിനായി എംഎല്‍എ എത്തിയപ്പോള്‍ അദ്ദേഹം സംഭവത്തില്‍ ഇടപെട്ടു. സ്ഥിരമായി സമര സംഗമങ്ങള്‍ നടക്കുന്ന സ്ഥലത്ത് പന്തല്‍ക്കെട്ടി ആശാവര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നത് തടയാന്‍ പൊലീസ് ശ്രമിക്കേണ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന്റെ പ്രതികാര നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചത്. തുടര്‍ന്ന് പൊലീസ് പിന്മാറിയതോടെ എംഎല്‍എ ആശാവര്‍ക്കര്‍മാരുടെ സമരം ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം ആണ് മടങ്ങിയത്.