ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി.എമ്മിലേക്ക്; പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർ ജാതി അധിക്ഷേപങ്ങൾക്ക് ഇരയാവുന്നുവെന്നും ഗുരുതര ആരോപണം

Jaihind Webdesk
Thursday, January 10, 2019

BJP-Flag

ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളിൽ നിന്നും പ്രവർത്തകരെയും നേതാക്കളെയും അടർത്തിയെടുക്കാൻ ഇറങ്ങിത്തിരിച്ച ബിജെപിക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ടി പാർട്ടിയുടെ ഒബിസി മോർച്ച വൈസ്പ്രസിഡന്‍റ് സിപിഎമ്മിലേക്ക്. ബി.ജെ.പിയിലെ സവർണ്ണ മേധാവിത്വമാണ് താൻ പാർട്ടി വിടാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി പത്രസമ്മേളനത്തിലൂടെ പരസ്യപ്രഖ്യാപനം നടത്തിയ ശരണ്യ സുരേഷാണ് ബി.ജെ.പിയുടെ ഉൾപ്പാർട്ടി രാഷ്ട്രീയം തുറന്നു കാട്ടി പാർട്ടി വിടുന്നത്. ആർ.എസ്.എസും സംഘപരിവാറുമാണ് ബി.ജെ.പിയെ നിയന്ത്രിക്കുന്നതെന്നും പാർട്ടിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സവർണ്ണ ബ്രാഹ്മണരാണെന്നും ശരണ്യ സുരേഷ് പറയുന്നു. പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്ക് നിരന്തരമായ ജാതി അധിക്ഷേപങ്ങൾ ബി.ജെ.പിക്കുള്ളിൽ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു. മുന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള പിന്തുണ പിന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ലഭിക്കാത്തതെന്തെന്ന ചോദ്യത്തിന് കണ്ണരുട്ടലും ഭീഷണിയുമാണ് മറുപടിയെന്നും അവർ പറയുന്നു.

പാർട്ടിയിലെ ബ്രാഹ്മണ മേധാവിത്വം കാരണം സവർണ്ണ വിഭാഗങ്ങളിലുള്ളവർക്ക് ഉയർന്ന പരിഗണനയാണ് ലഭിക്കുന്നത്. ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ടവരെ സംഘർഷസമയങ്ങളിൽ ഉപയോഗിക്കുമെന്നല്ലാതെ മറ്റ് പരിഗണനകൾ നൽകാറില്ല. ശബരിമല യുവതീപ്രവേശം സംബന്ധിച്ച് നടന്ന ഹർത്താൽ ഇതിന് ഉദാഹരണമാണെന്നും ശരണ്യ പറയുന്നു. കെ.പി ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ ഹർത്താൽ നടത്താൻ തയ്യാറായ സംഘപരിവാറും ബി.ജെ.പിയും പിന്നാക്ക വിഭാഗത്തിൽപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ പ്രതിഷേധത്തിൽ മാത്രമൊതുക്കി. സർവണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ തിട്ടൂരങ്ങൾക്കനുസരിച്ചാണ് ശബരിമല സമരവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പി തങ്ങളുടെ പ്രഖ്യാപിത നിലപാടുകൾ വലിച്ചെറിയുന്നത് സവർണമേധാവിത്വത്തിന് വേണ്ടിയാണെന്നും അവർ ആരോപിക്കുന്നു.

ഒ.ബി.സി മോർച്ച നിലവിലുള്ളപ്പോഴാണ് ബി.ഡി.ജെ.എസിനെ ബി.ജെ.പിക്കൊപ്പം നിർത്തി വിലപേശൽ രാഷ്ട്രീയത്തിന് വേദിയൊരുക്കുന്നതെന്നും ഒ.ബി.സി മോർച്ചയിലുള്ള പ്രവർത്തകർക്ക് ലഭിക്കേണ്ട അവസരങ്ങൾ ബി.ഡി.ജെ.എസിന് വീതംവെച്ചു കൊടുക്കുന്ന സംഘടനാ രീതി അംഗീകരിക്കാനാവില്ല. പ്ലാവില കാട്ടി ആട്ടിൻപറ്റത്തെ നയിക്കുന്നതു പോലെ പിന്നാക്ക ജനവിഭാഗങ്ങളെ പല കാര്യങ്ങൾ പറഞ്ഞ് മയക്കി കൂടെ നിർത്തുന്ന സംഘപരിവാര സംസ്‌ക്കാരത്തെ പൂർണ്ണമായി മനസിലാക്കിയതു കൊണ്ടാണ് താൻ ബി.ജെ.പി വിട്ട് പുറത്തു പോകുന്നതെന്നും ശരണ്യ പറയുന്നു.

ബി.ജെ.പിയുടെ ശബരിമല സമരപന്തലിൽ നിന്നും സംസ്ഥാന നേതാക്കളടക്കം ഇറങ്ങിപ്പോയവർ സി.പി.എമ്മിലെത്തിയിരുന്നു. ഇതിനു പിന്നാലെ യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിലും പാർട്ടി വിട്ട് പുറത്തു പോയിരുന്നു. ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട കൂടുതൽ പേർ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് പുറത്തുപോകുന്നത് പാർട്ടിക്കുള്ളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ബി.ജെ.പി – സംഘപരിവാർ പ്രസ്ഥാനങ്ങളുടെ വർഗീയവും ജാതീയവുമായ മുഖമാണ് ഇതിലൂടെ വെളിച്ചത്തു വരുന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പു അടുത്തു വരുന്നതിനിടെ ബി.ജെ.പിയിലെ കൊഴിഞ്ഞു പോക്ക് സംസ്ഥാന നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.