VD SATHEESAN | വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിക്ക് അധ്യക്ഷനായി റിട്ട. ജഡ്ജി, സര്‍ക്കാരിനും ഗവര്‍ണര്‍ക്കും തിരിച്ചടി; സുപ്രീംകോടതിയുടെ ഇടപെടല്‍ നല്ല പ്രവണതയല്ലെന്ന് വി ഡി സതീശന്‍

Jaihind News Bureau
Monday, August 18, 2025

ന്യൂഡല്‍ഹി: കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ (വിസി) നിയമനത്തിലെ അനിശ്ചിതത്വത്തിന് അന്ത്യം കുറിച്ചുകൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി. വിസിമാരെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി രണ്ടാഴ്ചയ്ക്കകം രൂപീകരിക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കി. സര്‍ക്കാരിനെയും ചാന്‍സലറെയും മറികടന്ന്, കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി വിരമിച്ച സുപ്രീം കോടതി ജഡ്ജി സുധാംശു ധൂലിയയെ കോടതി നേരിട്ട് നിയമിച്ചു. സംസ്ഥാന സര്‍ക്കാരിനും രാജ്ഭവനും ഒരുപോലെ തിരിച്ചടിയാകുന്നതാണ് ഈ അസാധാരണ നടപടി.

കോടതിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

രണ്ടാഴ്ചയ്ക്കകം കമ്മിറ്റി: രണ്ടാഴ്ചയ്ക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് നിയമന നടപടികള്‍ ആരംഭിക്കണം.

ചെയര്‍പേഴ്‌സണായി റിട്ട. ജഡ്ജി: ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ കമ്മിറ്റിയിലേക്ക്, സര്‍ക്കാരും ചാന്‍സലറും നല്‍കിയ പട്ടികയില്‍ നിന്ന് രണ്ട് പേരെ വീതം അംഗങ്ങളായി നിയമിക്കണം. യുജിസി പ്രതിനിധിയും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടേക്കാം.

രണ്ട് മാസത്തിനകം നിയമനം: യോഗ്യരായവരെ കണ്ടെത്താന്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കി, രണ്ട് മാസത്തിനുള്ളില്‍ സ്ഥിരം വിസിമാരെ നിയമിക്കണം.

കേസ് പരിഗണിച്ചപ്പോള്‍, പശ്ചിമ ബംഗാള്‍ മാതൃകയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബംഗാളില്‍ മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെയായിരുന്നു കമ്മിറ്റി ചെയര്‍മാനായി നിയമിച്ചിരുന്നത്. ഈ ആവശ്യം ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ പുതിയ വിധി.

എതിര്‍ത്ത് വി ഡി സതീശന്‍

ഡിജിറ്റില്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ അധികാരത്തിലാണ് സുപ്രീം കോടതി ഇടപെട്ടിരിക്കുന്നത്. ഇപ്പോഴത്തെ വിധി സുപ്രീം കോടതിയുടെ മുന്‍ വിധികള്‍ക്ക് വിരുദ്ധമാണ്. ഇതൊരു നല്ല പ്രവണതയല്ല. സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമീഷ്യനായ ചീഫ് സെക്രട്ടറി ഉണ്ടായിരുന്നത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റല്‍ സര്‍വകലാശല വി.സി രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. എന്നാല്‍ പുതിയ വിധിയിലൂടെ സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍മാനായി അക്കാദമീഷ്യന്‍ അല്ലാത്ത ജഡ്ജിയെയാണ് നിയോഗിച്ചിരിക്കുന്നത്. രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിക്ക് എതിരാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. സര്‍ക്കാരും ഗവര്‍ണറും തമ്മിലടിച്ച് എക്സ്‌ക്യൂട്ടീവ് തീരുമാനിക്കേണ്ട കാര്യം ജുഡീഷ്യറിക്ക് കൊടുത്തിരിക്കുയാണ്. ഇത് നല്ല പ്രവണതയായി പ്രതിപക്ഷം കാണുന്നില്ല. സെര്‍ച്ച് കമ്മിറ്റി പാനല്‍ ഉണ്ടാക്കിയാലും മുഖ്യമന്ത്രിയെ കാണിക്കണമെന്ന് പറയുന്നതില്‍ അവ്യക്തതയുണ്ട്. അപ്പോഴും പുറത്തു നിന്നുള്ള ഇടപെടലാകും. അത് കേരളത്തിലെ സര്‍വകലാശാല നിയമങ്ങള്‍ക്കും യു.ജി.സി ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ശിപാര്‍ശയാണ് ഗവര്‍ണര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ മുഖ്യമന്ത്രി ശിപാര്‍ശ ചെയ്യുന്നയാളെ ഗവര്‍ണര്‍ നിയമിക്കണമെന്നില്ല. അവിടെയും ഒരു കൃത്യതയില്ല. മുഖ്യമന്ത്രി സമര്‍പ്പിക്കുന്ന ആളുടെ പേരല്ലാതെ ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ പ്രതിനിധികള്‍ പറഞ്ഞയാളെ വി.സിയാക്കാന്‍ പറ്റുമോ? മൊത്തത്തില്‍ അവ്യക്തതയാണ്. നിലവില്‍ നിയമമുള്ളപ്പോള്‍ സുപ്രീം കോടതി എങ്ങനെയാണ് ഇടപെടുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണെന്നാണ് കോടതി പറഞ്ഞത്. നിയമപരമായ വശങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നില്ല.

വിധിക്കെതിരെ ‘സേവ് യൂണിവേഴ്‌സിറ്റി’ ക്യാമ്പയിന്‍

അതേസമയം, വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് പകരം വിരമിച്ച ന്യായാധിപനെ നിയമിച്ച സുപ്രീം കോടതി നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പ്രതികരിച്ചു. ഭരണകൂടത്തിന്റെ അധികാരം നീതിപീഠം കയ്യാളുന്ന അവസ്ഥയാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

വിരമിച്ച ന്യായാധിപനെ അധ്യക്ഷനാക്കുന്നത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സാങ്കേതിക സര്‍വകലാശാലയിലെ മുന്‍ വിസി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന്റെ ഒരു കാരണം, വിദ്യാഭ്യാസ വിദഗ്ധനല്ലാത്ത ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനാക്കിയിരുന്നു എന്നതാണ്. അതേ പിഴവ് ഇപ്പോള്‍ കോടതിയുടെ നേതൃത്വത്തില്‍ ആവര്‍ത്തിക്കുകയാണെന്നും, ഇതിന് സര്‍ക്കാര്‍ വഴങ്ങിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളും പിടിവാശിയുമാണ് വിസി നിയമനങ്ങളെ ഈ പ്രതിസന്ധിയില്‍ എത്തിച്ചതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിന് പകരം, നിയമന പ്രക്രിയ കോടതി സ്വയം ഏറ്റെടുത്തത് നിരാശാജനകമാണ്. ശേഷിക്കുന്ന 11 സര്‍വകലാശാലകളിലെങ്കിലും യോഗ്യത മാത്രം മാനദണ്ഡമാക്കി നിയമനം നടത്താന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയതായും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.