INDIA Alliance | തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാപരമായ കടമയില്‍ പരാജയപ്പെട്ടു; ഭരണപക്ഷത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പ്രസ്താവന

Jaihind News Bureau
Monday, August 18, 2025

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത കൈവിട്ട് ഭരണപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് രൂക്ഷമായി വിമര്‍ശിച്ച് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിറക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സമാജ്വാദി പാര്‍ട്ടി, ശിവസേന (യു.ബി.ടി), എന്‍.സി.പി (ശരദ് പവാര്‍), ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി, സി.പി.എം. അടക്കമുള്ള പ്രമുഖ ദേശീയ, പ്രാദേശിക കക്ഷികള്‍ ഒന്നടങ്കം ഒപ്പുവെച്ച പ്രസ്താവന, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമീപകാലത്തുയരുന്ന ഏറ്റവും വലിയ വിമര്‍ശനമാണ്.

ഓഗസ്റ്റ് 17-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്റെ ഈ സംയുക്ത നീക്കം. കമ്മീഷന്‍ ഭരണഘടനാപരമായ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.

പ്രസ്താവനയിലെ പ്രധാന കക്ഷികള്‍:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ), ശിവസേന (യു.ബി.ടി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍), രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), ആം ആദ്മി പാര്‍ട്ടി (എ.എ.പി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം), സി.പി.ഐ (എം.എല്‍), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍), നാഷണല്‍ കോണ്‍ഫറന്‍സ്, എം.ഡി.എം.കെ, വി.സി.കെ, കേരള കോണ്‍ഗ്രസ് (എം), ആര്‍.എസ്.പി, ഭാരതീയ ആദിവാസി പാര്‍ട്ടി (BAP), രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (RLP) എന്നിവയുള്‍പ്പെടെ 21 പാര്‍ട്ടികളാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഏകദേശം 90 മിനിറ്റോളം നീണ്ട വാര്‍ത്താ സമ്മേളനത്തില്‍, സുപ്രധാനമായ വിഷയങ്ങളില്‍ നിന്നെല്ലാം കമ്മീഷന്‍ ഒഴിഞ്ഞുമാറിയെന്ന് ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി. പ്രസ്താവനയില്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍ ഇവയാണ്:

1. സുപ്രീം കോടതി ഉത്തരവിനെ പൂര്‍ണ്ണമായി അവഗണിച്ചു:
ബിഹാറില്‍ നിന്ന് വെട്ടിമാറ്റിയ 65 ലക്ഷം വോട്ടര്‍മാരുടെ പേരും അതിനുള്ള കാരണങ്ങളും പ്രസിദ്ധീകരിക്കണമെന്ന് ഓഗസ്റ്റ് 14-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിവരങ്ങള്‍ പുറത്തുവിടുന്നത് തടയാന്‍ കമ്മീഷന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി തള്ളിയിരുന്നു. എന്നാല്‍, വാര്‍ത്താ സമ്മേളനത്തില്‍ സി.ഇ.സി ഈ വിഷയത്തില്‍ യാതൊരു വിശദീകരണമോ പ്രതികരണമോ നല്‍കിയില്ല. ഇത് പരമോന്നത കോടതിയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

2. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോട്ടം:
കര്‍ണാടകയിലെ മഹാദേവപുരയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ തട്ടിപ്പിനെക്കുറിച്ച് കമ്മീഷന്‍ മൗനം പാലിച്ചു. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം, വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ നല്‍കണമെന്ന നിയമപരമായി നിലനില്‍പ്പില്ലാത്ത ആവശ്യം ആവര്‍ത്തിക്കുക മാത്രമാണ് സി.ഇ.സി ചെയ്തത്. എന്തുകൊണ്ട് ഈ ഗുരുതരമായ ആരോപണത്തില്‍ ഒരു അന്വേഷണം പോലും നടത്തിയില്ല എന്ന നിര്‍ണായക ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

3. ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ ദുരൂഹത:
ബിഹാറിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) എന്തുകൊണ്ടാണ് ഇത്ര തിടുക്കത്തിലും തയ്യാറെടുപ്പുകളില്ലാതെയും നടത്തുന്നത് എന്നതിനെക്കുറിച്ച് ഒരു വിശദീകരണവും നല്‍കാന്‍ കമ്മീഷന്‍ തയ്യാറായില്ല.

4. കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നു:
തിരഞ്ഞെടുപ്പ് കമ്മീഷനെ നയിക്കുന്നത് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥരല്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മറിച്ച്, വോട്ടര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള അര്‍ത്ഥവത്തായ അന്വേഷണങ്ങളെ വഴിതിരിച്ചുവിടുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നവരാണ് കമ്മീഷന്റെ തലപ്പത്തുള്ളത്. ഭരണകക്ഷിയെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇതൊരു ഗുരുതരമായ അവസ്ഥയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.