കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. ടീമിന്റെ തത്വങ്ങളും ലക്ഷ്യങ്ങളും കൃത്യമായി പ്രതിഫലിക്കുന്ന രീതിയിലാണ് ജേഴ്സിയുടെ നിറങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. റോബിന് റെഡ്, നേവി ബ്ലൂ സംയോജനമാണ് പ്രധാന ജേഴ്സിയുടെ പ്രത്യേകത.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടീം ഉടമയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പ്രിയദര്ശന്, അദാനി ഗ്രൂപ്പ് കേരള റീജിയണല്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി മഹേഷ് ഗുപ്തന് അടക്കമുള്ളവര്‍ ചേര്‍ന്നാണ് ജേഴ്സി പ്രകാശനം ചെയ്തത്. തന്റെ ഇടം സംരക്ഷിക്കാന്‍ ശൗര്യത്തോടെ പോരാടുന്ന റോബിന് പക്ഷിയുടെ ഊര്‍ജ്ജവും അടങ്ങാത്ത പോരാട്ടവീര്യവുമാണ് പ്രധാന ജേഴ്സിയിലെ റോബിന് റെഡ് നിറത്തിന്റെ പ്രചോദനം.
കളിക്കളത്തില്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ വിജയത്തിനായി പൊരുതാനുള്ള ടീമിന്റെ നിശ്ചയദാര്‍ഢ്യമാണ് നിറം സൂചിപ്പിക്കുന്നത്. ടീമിന്റെ രണ്ടാം ജേഴ്സിയും ചടങ്ങില്‍ പ്രകാശനം ചെയ്തു. കടല്‍ പച്ച, നേവി ബ്ലൂ കോമ്പിനേഷനാണ് രണ്ടാം ജേഴ്സി. സമ്മര്‍ദ്ദമേറിയ കളി സാഹചര്യങ്ങളില്‍ ശാന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള ടീമിന്റെ കഴിവിനെയാണ് കടല്‍ പച്ച നിറം പ്രതിനിധീകരിക്കുന്നത്.
ടീമിന്റെ ലഹരിവിരുദ്ധ പ്രചാരണങ്ങളെക്കുറിച്ചും ടീം ഉടമ ഷിബു മത്തായി വിശദീകരിച്ചു. സെപ്റ്റംബര്‍ അവസാനം വയനാട്ടില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സംഘടിപ്പിക്കുന്ന ജെസിഎല്ലിന്റെ ടൈറ്റില്‍ സ്പോണ്സര് കൂടിയാണ് ട്രിവാന്‍ഡ്രം റോയല്‍സ് എന്നും അദ്ദേഹം പറഞ്ഞു. ഹെഡ് കോച്ച് മനോജ്, ടീം മാനേജര്‍ രാജു മാത്യു, ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ടീം സി.ഇ.ഒ രവി വെങ്കട് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.