ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തില്‍ സമാനതകളില്ലാത്ത ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. ‘വോട്ട് മോഷണം’ എന്ന ഗുരുതര ആരോപണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് കൊണ്ടുവരാന്‍ പ്രതിപക്ഷം ആലോചിക്കുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാര്‍ പത്രസമ്മേളനം നടത്തിയതിനു പിന്നാലെയാണ് ഈ നിര്‍ണായക നീക്കം. ഇതോടെ, രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇംപീച്ച്‌മെന്റ് നീക്കവും വെല്ലുവിളികളും
സി.ഇ.സിക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് കൊണ്ടുവരുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ പ്രതാപ്ഗഡി അറിയിച്ചു. എന്നാല്‍, ഈ നീക്കം ഫലപ്രാപ്തിയിലെത്തുക എളുപ്പമല്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാന്‍ സാധിക്കൂ. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ഈ അംഗബലമില്ല. എങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കുക എന്നതാണ് ലക്ഷ്യം
ഓഗസ്റ്റ് 7-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. വോട്ടര്‍ പട്ടികയില്‍ ഒരേ വോട്ടര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ പേരുണ്ടാവുക, വീട്ടുനമ്പര്‍ ‘പൂജ്യം’ ആയി രേഖപ്പെടുത്തിയ വോട്ടര്‍മാര്‍, ഒരേ വിലാസത്തില്‍ ഡസന്‍ കണക്കിന് വോട്ടര്‍മാരെ ചേര്‍ക്കുക തുടങ്ങിയ ക്രമക്കേടുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ സെഗ്മെന്റില്‍ മാത്രം ഒരു ലക്ഷത്തിലധികം വോട്ടുകളില്‍ ക്രമക്കേട് നടന്നുവെന്നും ഇത് ബി.ജെ.പിയുടെ വിജയത്തിന് കാരണമായെന്നും തെളിവുകള്‍ സഹിതം രാഹുല്‍ ആരോപിച്ചു.
എന്നാല്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മാദ്ധ്യമങ്ങളെ കണ്ടപ്പോള്‍ പ്രധാന ആരോപണങ്ങള്‍ക്കൊന്നും മതിയായ വിശദീകരണം നല്‍കിയിട്ടില്ല. രാഹുലിന്റെ പേരെടുത്ത് പറയാതെ, വോട്ടര്‍ ഡാറ്റയുടെ ‘തെറ്റായ വിശകലനം’ ആണ് ആരോപണങ്ങളായി പ്രചരിപ്പിക്കുന്നതെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ആരോപണങ്ങള്‍ തെളിയിക്കുന്ന സത്യവാങ്മൂലം ഏഴ് ദിവസത്തിനകം സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ ‘രാജ്യത്തോട് മാപ്പ് പറയുകയോ’ ചെയ്യണമെന്ന വെല്ലുവിളിയും അദ്ദേഹം രാഹുലിന് മുന്നില്‍ വെച്ചു. വോട്ടര്‍ പട്ടികയും വോട്ടിംഗ് പ്രക്രിയയും വ്യത്യസ്ത നിയമങ്ങള്‍ക്ക് കീഴിലാണെന്നും, അതിനാല്‍ വോട്ട് മോഷണം എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് കമ്മിഷന്റെ വിശദീകരണം
ബിഹാറിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (Special Intensive Revision – SIR) തിടുക്കത്തില്‍ നടത്തുന്നുവെന്ന കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെയും കമ്മിഷന്‍ പ്രതിരോധിക്കുകയാണ്. എന്നാല്‍ ഈ മറുപടികളില്‍ കോണ്‍ഗ്രസും ഇന്ത്യാസഖ്യവും തൃപ്തരല്ല. ബിജെപി ഓഫീസില്‍ നിന്നു നല്‍കിയ മറുപടികളാണ് കമ്മിഷന്‍ വായിച്ചതെന്നതാണ് പ്രതിപക്ഷ നിലപാട് . ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് ഇന്ത്യാസഖ്യം ഇംപീച്ച് മെന്റ് എന്ന നടപടികളിലേയ്ക്ക് കടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷവും തമ്മിലുള്ള ഈ ഏറ്റുമുട്ടല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടത് കമ്മീഷന്റെ ചുമതലയാണെങ്കില്‍, അതിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയും സര്‍ക്കാരിനെയും സംവിധാനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മുറുകുമ്പോള്‍, രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഇരുപക്ഷത്തിനുമുള്ളത്.