ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍. പ്രശാന്ത് രംഗത്ത്. പാസ്പോര്‍ട്ട് പുതുക്കുന്നതിന് ആവശ്യമായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) മനഃപൂര്‍വം നല്‍കാതെ തന്നെ ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൊളംബോയിലെ സ്‌കൂള്‍ റീയൂണിയനില്‍ പങ്കെടുക്കുന്നത് തടയാനുള്ള മനഃപൂര്‍വ്വമായ നീക്കമാണിതെന്നും പ്രശാന്ത് പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കാന്‍ എന്‍.ഒ.സി നിര്‍ബന്ധമാണ്. ഇതിനായി മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ജൂലൈ രണ്ടിന് മറ്റൊരു സെറ്റ് അപേക്ഷകള്‍ കൈമാറിയപ്പോള്‍ അത് സെക്ഷനിലുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ അപേക്ഷ വീണ്ടും കാണാനില്ലെന്ന് പ്രശാന്ത് പറയുന്നു. താന്‍ കീഴുദ്യോഗസ്ഥര്‍ക്ക് 30 സെക്കന്‍ഡിനുള്ളില്‍ എന്‍.ഒ.സി. നല്‍കിയിട്ടുണ്ട്. അതിന് ഫോട്ടോയില്‍ ഒപ്പിട്ടാല്‍ മാത്രം മതിയായിരുന്നു.
പാര്‍ട്ട്-ടൈം പി.എച്ച്.ഡി. ചെയ്യാനുള്ള എന്‍.ഒ.സി. അപേക്ഷയും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. മാര്‍ച്ച് 9-നാണ് ഈ അപേക്ഷ സമര്‍പ്പിച്ചത്. കൂടാതെ, പ്രോപ്പര്‍ട്ടി റിട്ടേണ്‍സ് സമര്‍പ്പിച്ചതിന്റെ രേഖകളും ലഭിച്ചിട്ടില്ല. വിവരാവകാശ അപേക്ഷകള്‍ക്ക് പോലും തെറ്റായ മറുപടികളാണ് ലഭിക്കുന്നതെന്നും, ഡിജിറ്റല്‍ അപേക്ഷകള്‍ക്ക് പോലും മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ 12 തവണ കത്തയച്ചിട്ടും പ്രതികരണമുണ്ടായില്ല.
തനിക്കെതിരെ നടക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയുള്ളതും ക്രിമിനല്‍ മനസ്സോടുകൂടിയുള്ളതുമായ ഉപദ്രവമാണെന്ന് പ്രശാന്ത് ആരോപിച്ചു. മുന്‍ ചീഫ് സെക്രട്ടറി താന്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെന്ന് പത്രക്കാരോട് പറഞ്ഞത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈവ് സ്ട്രീം ചെയ്യുമെന്ന് ഭയന്ന ഒരു ഹിയറിങ്ങിലാണ് പല രേഖകളും ഉണ്ടെന്ന് സമ്മതിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്. ചില രേഖകള്‍ മനഃപൂര്‍വ്വം നീക്കം ചെയ്തതായി സംശയിക്കുന്നതായും പ്രശാന്ത് പറഞ്ഞു. തന്റെ ആത്മാഭിമാനവും നിയമപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടെന്നും, ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.