കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് അക്രമിയുടെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട യുവഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ ജന്മനാടായ കോട്ടയം കടുത്തുരുത്തിയില്‍ ആശുപത്രി ആരംഭിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന വന്ദനയുടെ ആഗ്രഹം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം.
ഡോ. വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും ചേര്‍ന്നാണ് കടുത്തുരുത്തിയിലെ വീടിന് സമീപം മധുരവേലി പ്ലാമൂട് ജംഗ്ഷനിലെ ലക്ഷ്മി കോംപ്ലക്സില്‍ ആശുപത്രി ആരംഭിച്ചത്. ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക എന്നതാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യം. വന്ദനയുടെ പേരില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ വന്ദനയുടെ പേരില്‍ ഒരു ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലിചെയ്യവെ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് 10-ന് പുലര്‍ച്ചെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന. മുട്ടുചിറയിലെ വസതിക്ക് സമീപം മറ്റൊരു ആശുപത്രി നിര്‍മ്മിക്കുന്നതിനും മാതാപിതാക്കള്‍ക്ക് പദ്ധതിയുണ്ട്. ഇതിനായി ഒരു ട്രസ്റ്റ് രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.