Malappuram Bus Accident| മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടം: വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Jaihind News Bureau
Sunday, August 17, 2025

മലപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് വന്‍ അപകടം. മലപ്പുറം കുറ്റിപ്പുറം പള്ളിപ്പടിയില്‍ കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്. ഞായാറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കോട്ടക്കല്‍ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലും കാറിലും ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലാണ് ബസ് മറിഞ്ഞത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി. ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ദേശീയപാതയില്‍ നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. റോഡില്‍ പലയിടത്തും കുഴികളുണ്ടെന്നും ഇത് സ്ഥിരം അപകടമേഖലയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. കൂടാതെ നിര്‍മ്മാണത്തെക്കുറിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.