Mar Thomas Tharayil| ‘ജനങ്ങളെ തെരുവിലിറക്കുന്നതാണോ ജനാധിപത്യം?’; കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ തോമസ് തറയില്‍

Jaihind News Bureau
Sunday, August 17, 2025

ഭരണാധികാരികളുടെ ഉത്തരവാദിത്തമില്ലായ്മയും ജനപ്രതിനിധികളുടെ കഴിവുകേടുമാണ് കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതത്തിന് കാരണമെന്ന് മാര്‍ തോമസ് തറയില്‍. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നില്ല. ഇങ്ങനെ പോയാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ എന്ത് പരിഹാരമാണ് കാണുക എന്നും മാര്‍ തോമസ് തറയില്‍ ചോദിച്ചു. കോടികളുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടും കുട്ടനാട് നേരിടുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തില്‍ വരാന്‍ കര്‍ഷകരുടെ വോട്ട് വേണം, എന്നാല്‍ പിന്നീട് അവരെ മറക്കുന്നു. ഈ രീതിയിലുള്ള ഭരണാധികാരികളുടെ സമീപനം ശരിയാണോ എന്ന് അവര്‍ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ തെരുവിലിറക്കുന്നതാണോ ജനാധിപത്യം എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ കുട്ടനാടിനെ പൊന്നുപോലെ സംരക്ഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശ്ശേരി അതിരൂപതയിലെ വിവിധ ദേവാലയങ്ങളില്‍ നിന്ന് നൂറുകണക്കിന് കര്‍ഷകരാണ് ധര്‍ണയില്‍ പങ്കെടുത്തത്. റാലിയായി എത്തിയ അവര്‍ കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് അവരുടെ പ്രധാന ആവശ്യം.