Jammu Kashmir| ജമ്മു കശ്മീരിലെ കത്വയില്‍ മേഘവിസ്‌ഫോടനം: നാല് മരണം, ആറ് പേര്‍ക്ക് പരിക്ക്

Jaihind News Bureau
Sunday, August 17, 2025

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നാല് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാട്ടി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയുണ്ടായ ദുരന്തത്തില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലും വെള്ളത്തിനടിയിലുമായി. ദിവസങ്ങള്‍ക്ക് മുന്‍പ് കിഷ്ത്വാറില്‍ നടന്ന സമാനമായ അപകടത്തില്‍ 60 പേര്‍ മരിച്ചിരുന്നു.

മേഘവിസ്‌ഫോടനത്തില്‍ ഗ്രാമത്തിലേക്കുള്ള റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജമ്മു-പത്താന്‍കോട്ട് ദേശീയപാതയിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്. പോലീസ്, ദുരന്തനിവാരണ സേന (SDRF) എന്നിവയുടെ സംയുക്ത സംഘത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ഉജ് നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. സ്ഥിതിഗതികള്‍ ജില്ലാ ഭരണകൂടം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. നദികളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും അകലം പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

കത്വ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഗാര്‍ഡ്, ചാങ്ഡ ഗ്രാമങ്ങളിലും ലഖന്‍പൂര്‍ പോലീസ് സ്റ്റേഷനിലെ ദില്‍വാന്‍-ഹുത്‌ലിയിലും മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.