V D Satheesan| മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന വിജിലന്‍സ് കോടതിയുടെ കണ്ടത്തല്‍ അതീവ ഗൗരവതരം; കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം നയിച്ച പിണറായി വിജയന് ഒന്നും പറയാനില്ലേ?: വി ഡി സതീശന്‍

Jaihind News Bureau
Saturday, August 16, 2025

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിയില്‍ മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്ന് കോടതി നിരീക്ഷണമുണ്ട്. ‘വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്; അത് ഭരണകാര്യങ്ങള്‍ക്കാണ്, അല്ലാതെ മറ്റൊന്നിനുമല്ല. ഒരു ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തില്‍ രാഷ്ട്രീയ എക്സിക്യൂട്ടീവിന് ഒരു പങ്കുമില്ല.’

‘ജനാധിപത്യ രാജ്യത്ത് ഭരണഘടനയും സുപ്രീംകോടതിയുമുണ്ട്. എല്ലാവരും ഭരണഘടനയ്ക്ക് വിധേയരാണ്. ഓരോ അന്വേഷണവും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം. ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടോ, കോഗ്‌നിസബിള്‍ കുറ്റകൃത്യമാണോ എന്നത് നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത്; അല്ലാതെ രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ അംഗീകാരത്തെ ആശ്രയിച്ചുള്ളതല്ല.’ – കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമെന്ന് അടിവരയിടുന്നതാണ്.

‘സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം’ എന്ന ഹൈക്കോടതിയുടെ നേരിട്ടല്ലാത്ത പരാമര്‍ശത്തിലാണ് കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സമരം ചെയ്തത്. അന്ന് സമരത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന് കോടതിയുടെ നേരിട്ടുള്ള ഈ പരാമര്‍ശത്തില്‍ ഒന്നും പറയാനില്ലേ എന്ന് വി ഡി സതീശന്‍ ചോദിച്ചു. പഴയകാല ചെയ്തികളില്‍ കാലം മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഇപ്പോഴും കണക്ക് ചേദിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.