വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയം രാമപുരത്ത് മീനച്ചില്‍- കടുത്തുരുത്തി എസ്എന്‍ഡിപി ശാഖാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണിയെ പുകഴ്ത്തിയ വെള്ളാപ്പള്ളി, അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ. മാണിയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘മാണി സാര്‍ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്.എന്‍.ഡി.പി യൂണിയന് തന്നിട്ടുണ്ട്. എന്നാല്‍ മകന്‍ സൂത്രക്കാരനാണ്,’ അദ്ദേഹം പറഞ്ഞു.
താനൊരു വര്‍ഗീയവാദിയല്ല. തന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ അത് വര്‍ഗീയതയാകും. ലീഗിനോട് പറയേണ്ട കാര്യങ്ങള്‍ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത തനിക്കുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ മലപ്പുറം പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. ലീഗിന് മുസ്ലീങ്ങള്‍ അല്ലാത്ത എംഎല്‍എമാര്‍ ഇല്ല. എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം മതേതരത്വം പറയുന്നെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.