Kozhikode| കോഴിക്കോട് ചുള്ളിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു; വന്‍ ദുരന്തം ഒഴിവായി

Jaihind News Bureau
Saturday, August 16, 2025

കോഴിക്കോട് ചുള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. അപകടം നടക്കുമ്പോള്‍ കുട്ടികള്‍ അങ്കണവാടിയില്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് അധികാരികള്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്ന് രാവിലെ അധ്യാപകര്‍ അങ്കണവാടിയില്‍ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് തറയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. സാധാരണയായി ഈ സമയത്ത് കുട്ടികള്‍ അങ്കണവാടിയില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇന്ന് അവധി ദിവസമായതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല.

ചുള്ളിയില്‍ അങ്കണവാടിയില്‍ നിലവില്‍ 15 കുട്ടികളാണ് പഠിക്കുന്നത്. വളരെ പഴക്കമുള്ള ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികളിന്മേല്‍ യാതൊരു നടപടിയും ഉണ്ടായില്ല. അധികാരികളുടെ അനാസ്ഥയാണ് ഈ അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.