K C VENUGOPAL| കേരളത്തെ അപമാനിച്ച അനുരാഗ് ഠാക്കൂറും ബിജെപിയും മാപ്പുപറയണം: കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Friday, August 15, 2025

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് വയനാടിനേയും കേരളത്തേയും അപമാനിച്ച ബിജെപിയും അനുരാഗ് ഠാക്കൂറും പരസ്യമായി മാപ്പുപറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

വോട്ടര്‍പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി തെളിവുസഹിതം ആക്ഷേപം ഉന്നയിച്ചിട്ടും സത്യപ്രസ്താവന നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്ന വോട്ട് ക്രമക്കേടാണ് നാലുമാസത്തെ ശ്രമഫലമായി കണ്ടെത്തി പൊതുസമൂഹത്തോട് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ അതിന് ശേഷം ദിവസങ്ങള്‍ക്കകമാണ് അനുരാഗ് ഠാക്കൂര്‍ ഇതുപോലെയൊരു ആരോപണം ഉന്നയിക്കുന്നത്. അതിന് അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു. ബിജെപിക്ക് ഇലക്ട്രോണിക്സ് വോട്ടര്‍പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയിട്ടുണ്ടോ? വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നെന്ന് ആക്ഷേപം ഉന്നയിച്ച അനുരാഗ് ഠാക്കൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യപ്രസ്താവന ചോദിക്കാത്തതെന്തുകൊണ്ട്? ഈ രണ്ടു ചോദ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് മറ്റുപലയിടത്തും വ്യാജവോട്ടുകളുണ്ടെന്ന അനുരാഗ് ഠാക്കൂറിന്റെ ആക്ഷേപത്തിലൂടെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ബിജെപി സമ്മതിക്കുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഉന്നയിച്ച ആരോപണം ശരിയാണെന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഠാക്കൂറിന്റെ ആരോപണം വസ്തുതയില്ലാത്തതാണെന്നും മാധ്യമ അന്വേഷണത്തില്‍ ബോധ്യമായി. ഗൃഹപാഠം പോലും നടത്താതെയാണ് അനുരാഗ് ഠാക്കൂര്‍ ആരോപണം ഉന്നയിച്ചത്. ചൗണ്ടേരിക്കുന്ന് ഒരു സ്ഥലത്തിന്റെ പേരാണ്. അവിടെത്തെ പ്രദേശവാസികള്‍ അത് മേല്‍വിലാസമായി ഉപയോഗിക്കുന്നുണ്ട്. അവിടെ ഒരു വീട്ടില്‍ വ്യത്യസ്ത മതവിഭാഗങ്ങളുടെ പേര് എങ്ങനെ വന്നെന്ന് ഉന്നയിക്കുന്ന ബിജെപി ആരോപണത്തില്‍ പോലും വര്‍ഗീയത കണ്ടെത്തുകയാണ്. കൂടാതെ മൈമൂന എന്ന പേരുള്ളത് മൂന്ന് വ്യക്തികളാണെന്നും മാധ്യമങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ബിജെപിയും അനുരാഗ് ഠാക്കൂറും മാപ്പുപറയാനുള്ള മാന്യത കാട്ടണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

തൃശ്ശൂരിലെ വ്യാജവോട്ട് വിവാദത്തില്‍ കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ സുരേഷ് ഗോപി മറുപടി പറയണം. നേരായ മാര്‍ഗത്തിലൂടെയുള്ള വിജയത്തെ ആരും എതിര്‍ക്കില്ല. എന്നാല്‍ പുറത്ത് വരുന്ന തെളിവുകള്‍ പരിശോധിക്കുമ്പോള്‍ തൃശ്ശൂരിലെ വ്യാജവോട്ട് സംബന്ധിച്ച് സംശയങ്ങളുണ്ട്. ഗുരുതരമായ ആരോപണം ഉയരുമ്പോള്‍ അതിന്റെ നിജസ്ഥിതി പറയാനുള്ള ബാധ്യത സുരേഷ് ഗോപിക്കുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തെ പോലും അപമാനിക്കുകയാണ് ബിജെപി. പെട്രോളിയം മന്ത്രാലയത്തിന്റെ പരസ്യത്തില്‍ ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്ത ആര്‍എസ്എസിനെ കുറിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി അനുസ്മരിക്കുന്നത്. നാടിന് സ്വാതന്ത്ര്യം നേടിത്തന്ന ധീരദേശാഭിമാനികളെ കുറിച്ച് മൗനംപാലിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ബിജെപിക്ക് അധികാരം കിട്ടയത് മുതല്‍ ചരിത്രത്തെ വളച്ചൊടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.