PINARAYI VIJAYAN| 10 വര്‍ഷത്തിനുള്ളില്‍ 25 വിദേശയാത്രകള്‍; സംസ്ഥാനത്തിന് പ്രയോജനമുണ്ടാക്കാത്ത മുഖ്യമന്ത്രിയുടെ യാത്രകള്‍; വിവരാവകാശ രേഖ പുറത്ത

Jaihind News Bureau
Friday, August 15, 2025

നിക്ഷേപം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്ര സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഉണ്ടാക്കിയില്ലെന്ന് വിവരവാകാശ രേഖ. കോടികൾ പൊടിപൊടിച്ച് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടത്തിയ 25 വിദേശ യാത്രകളില്‍ നിന്നും ഒരു നിക്ഷേപ പദ്ധതിയുടെ
ധാരാണാപത്രം ഒപ്പുവെയ്ക്കുവാനായിട്ടില്ലെന്നാണ് വ്യവസായ വകുപ്പിൻ്റെവിവരാവകാശ രേഖയിൽ നിന്ന് വ്യക്തമാകുന്നത്.
ഓരോ യാത്ര കഴിഞ്ഞും കോടികളുടെ നിക്ഷേപ വാഗ്ദാനം ഉണ്ടായെന്ന് പറഞ്ഞ് നിയമസഭയെമുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും ഇതിലൂടെ വ്യക്തമാവുകയാണ്.

വിദേശ നിക്ഷേപങ്ങൾ തേടി എന്ന പേരിൽ കഴിഞ്ഞ 10 വർഷത്തിനിടെ മുഖ്യമന്ത്രി സന്ദർശിച്ചത് 25 രാജ്യങ്ങളാണ്., ഇതിനായി കോടികളാണ് സംസ്ഥാന ഖജനാവിൽ നിന്ന് ചിലവഴിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ഉള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ വലിയ വിവാദവും വിമർശനവുമാണ് ഉയർത്തിയിട്ടുള്ളത്.എന്നാൽ ഓരോ വിദേശയാത്രകൾക്കു ശേഷവും കോടികളുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു എന്ന പ്രതികരണമാണ് മുഖ്യമന്ത്രി നിയമസഭയിൽ അടക്കം നടത്തിയിരുന്നത്..എന്നാൽ പുറത്തുവന്നിരിക്കുന്ന വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസിയുടെ വിവരാവകാശ രേഖപ്രകാരം മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട ഒരു നിക്ഷേപ പദ്ധതിയുടെ ധാരണാപത്രം പോലും ഒപ്പു വച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. പത്തു വർഷത്തിനിടയിൽ കുടുംബസമേതം അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിന്‍ലാൻ്റ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍റ്, ഫ്രാന്‍സ്,യുഎഇ ബഹറൈന്‍, നെതര്‍ലന്‍റ്സ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി ഈ രാജ്യങ്ങളിൽ നിന്നൊക്കെ  വലിയ നിക്ഷേപങ്ങൾ വരുന്നതായിട്ടാണ് അറിയിച്ചിരുന്നെങ്കിലും ഒരു രൂപയുടെ നിക്ഷേപം പോലും വന്നിട്ടില്ല എന്നാണ് വിവരാവകാശ രേഖ തെളിയിക്കുന്നത്. ഇവിടെയൊക്കെ ബിസിനസ് സമ്മിറ്റ്, റോഡ് ഷോ, നിക്ഷേപക ഉച്ചകോടി, അങ്ങിനെ കോടികൾ ചിലവഴിച്ച് വിവിധ പരിപാടികൾ നടത്തിയെങ്കിലും ഒന്നിനും പ്രയോജനം ഉണ്ടായില്ല എന്നാണ്
രേഖകൾ വ്യക്തമാക്കുന്നത്.

യുഎഇയിൽ നിന്നും 500 മില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ടാകുമെന്നതടക്കമുള്ള മുഖ്യമന്ത്രിയുടെ വാക്കുകളൊക്കെ ജലരേഖയായി മാറിയിരിക്കുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. ഫലം കാണാതെ പോയകോടികൾ ചിലവഴിച്ച് നടത്തിയ വിദേശയാത്രകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.