JEBI METHAR| ബിജെപി സത്യത്തില്‍ നിന്ന് ഓടി ഒളിക്കുന്നു; രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നടത്തിയത് തെറ്റായ പ്രചരണം: ജെബി മേത്തര്‍ എം പി

Jaihind News Bureau
Thursday, August 14, 2025

വോട്ടു കൊള്ളയിലൂടെ അധികാരം പിടിച്ച ബി ജെ പി രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ തെറ്റായ പ്രചരണം നടത്തി സത്യത്തില്‍ നിന്ന് ഓടി ഒളിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി. കുറ്റപ്പെടുത്തി. വയനാട്ടില്‍ നാലര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി ജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബഹുദൂരം പിന്നിലായിരുന്ന നരേന്ദ്ര മോദി അവസാനം എങ്ങനെ വിജയിച്ചുവെന്ന് പരിശോധിക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

യു പി യിലെ ബഹുഭൂരിപക്ഷം സീറ്റുകളിലും ഇന്ത്യ മുന്നണിയാണ് ജയിച്ചത്. വോട്ടുകൊള്ള ബി.ജെ.പിയുടെ മുഖ്യ പരിപാടിയാണ്. ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ റിട്ടേണിംഗ് ഓഫീസര്‍ വിജയിയായി പ്രഖ്യാപിച്ചുവെങ്കിലും വോട്ടു കൊള്ള കണ്ടെത്തിയ സുപ്രീംകോടതിയാണ് യഥാര്‍ത്ഥ വിജയിയെ പ്രഖ്യാപിച്ചത്. കേരളത്തിലെ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് സംസ്ഥാന സര്‍ക്കാരും ഇലക്ഷന്‍ കമ്മീഷനും മുന്‍കൈയെടുക്കണം. കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ വോട്ടിംഗ് ക്രമക്കേടുണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

മഹിള സാഹസ് കേരള യാത്രയ്ക്ക് കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പള്ളിക്കത്തോട്, വാഴൂര്‍, മണിമല, വെള്ളാവൂര്‍, കങ്ങഴ, നെടുങ്കുന്നം, കറുകച്ചാല്‍ എന്നീ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആന്റോ ആന്റണി എം.പി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എ. സലിം., ഡി.സി.സി. പ്രസിഡണ്ട് നാട്ടകം സുരേഷ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ടോമി കല്ലാനി എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്‍, എല്‍. അനിത, ബിന്ദു സന്തോഷ് കുമാര്‍, ഷാമില ബീഗം, ഗീത ശ്രീകുമാര്‍, മഞ്ജു എം. ചന്ദ്രന്‍, വിജയമ്മ ബാബു എന്നിവര്‍ പ്രസംഗിച്ചു.