സംസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് മന്ത്രിസഭാ യോഗത്തിന്റെ തീരമാനം. 2022 മുതലുള്ള മുന്‍കാലപ്രബല്യത്തോടെയാണ് ശമ്പള വര്‍ദ്ധനവ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ ശമ്പളമാണ് വര്‍ദ്ധിപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ശമ്പളം 87,500 രൂപയില്‍ നിന്നും 1,10,000 രൂപയായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ശമ്പളം 75,000 രൂപയില്‍ നിന്നും 95,000 രൂപയായും പ്ലീഡര്‍മാരുടെ ശമ്പളം 20,000 രൂപയില്‍ നിന്നും 25,000 രൂപയുമായാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഫലത്തില്‍ രണ്ടര വര്‍ഷത്തെ കുടിശികയടക്കം വലിയ തുകയാകും സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ലഭിക്കുക.
വേണ്ടപ്പെട്ടവരെ എല്ലാം പിണറായി സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുമ്പോള്‍ ചെറിയ ഒരു നോട്ടത്തിലെങ്കിലും പരിഗണന തേടി 186 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു വിഭാഗം സമരം ചെയ്യുകയാണ്. സര്‍ക്കാരോ ആരോഗ്യവകുപ്പോ അവരെ കണ്ടതായി പോലും നടിക്കുന്നില്ല. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതടക്കം തുച്ഛമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സമരം ചെയ്യുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് തുക വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും കേരള സര്‍ക്കാരിന് ഒരു കുലുക്കവുമില്ല.
ഇതോടെ ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വരുന്ന ഓണവും ആഘോഷിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ പൊങ്കാല ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ ആശമാര്‍ സമരത്തിനായി പോരാടുകയാണ്. ഇവര്‍ സമരം തുടങ്ങിയ ശേഷമാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും അടക്കം വേണ്ടപ്പെട്ട പലര്‍ക്കും സര്‍ക്കാര്‍ കുത്തനെ ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയത്. അപ്പോഴൊന്നും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ പാവം സഹോദരിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ച് പറയുന്നത്.