KUWAIT| കുവൈത്തില്‍ മരുന്നുകള്‍ക്ക് വില കുറച്ചു: ജിസിസി രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്ക്

Jaihind News Bureau
Wednesday, August 13, 2025

കുവൈത്തില്‍ മരുന്നുകളുടെ വില വന്‍ തോതില്‍ കുറച്ചു. ആരോഗ്യ മേഖലയില്‍ സാമ്പത്തിക നിലനില്‍പ്പും ജനങ്ങള്‍ക്ക് മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മരുന്നുകളുടെ വില കുറച്ചത്. 544 മരുന്നുകള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 78.5% വരെയാണ് വില കുറച്ചത്.

കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍-അവാദി പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാകും. ഗള്‍ഫിലെ ഏറ്റവും കുറഞ്ഞ വിലയില്‍ 144 മരുന്നുകള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കും പുതുക്കിയ വിലപ്പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.

വില കുറച്ച മരുന്നുകളില്‍ പ്രധാനമായും ദീര്‍ഘകാല രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ആസ്ത്മ, സന്ധിവാതം, ചര്‍മ്മരോഗങ്ങള്‍, കുടല്‍രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും ഇതില്‍പ്പെടും. 2025 മെയ് മാസത്തില്‍ പുറത്തിറക്കിയ മന്ത്രാലയ ഉത്തരവ് നമ്പര്‍ 92 പ്രകാരം, ടൈര്‍സെപാറ്റൈഡ് (മൗന്‍ജാരോ) ഇന്‍ജക്ഷന്റെ വില തിങ്കളാഴ്ച മുതല്‍ 30% കുറയും. കുവൈത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം, സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.