പട്ടിണിയില്‍ വലയുന്ന ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. പട്ടിണി മൂലം രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ വിസമ്മതിക്കുന്ന ഇസ്രായേലിനെതിരെ യുകെ കാനഡ ജപ്പാന്‍ ഉള്‍പ്പടെ 23 യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. മാനുഷിക സഹായം തടസ്സപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ഉടനടി അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
കൂട്ടക്കുരുതിയോടൊപ്പം ഗസ്സയിലെ ജനങ്ങള്‍ കടുത്ത പട്ടിണിയിലുമാണ്. പലായനം ചെയ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളിലും മറ്റ് പ്രദേശങ്ങളിലും ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ മരുന്നുകളോ ലഭ്യമല്ല. ഇതിന്റെ ഫലമായി പട്ടിണിമൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു. ഇതില്‍ 83 കുട്ടികളാണ്.
ഗസ്സയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നും ഇസ്രായേലിന്റെ സൈനിക നടപടികള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ പ്രസ്താവനകള്‍ പ്രകാരം, ഗസ്സയിലെ മൂന്നിലൊന്ന് ജനങ്ങളും ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയാണ് കഴിയുന്നത്. കൂടാതെ, ഇസ്രായേല്‍ ഗസ്സയെ ഉപരോധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിലും വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ വിധികള്‍ ഇസ്രായേല്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആക്രമണം അവസാനിപ്പിക്കാതെ മുന്നോട്ട് പോയാല്‍ ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് ആശങ്ക.