KUWAIT| കുവൈത്തില്‍ വ്യാജമദ്യ ദുരന്തം: 10 വിദേശികള്‍ മരിച്ചു, മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചികിത്സയില്‍

Jaihind News Bureau
Wednesday, August 13, 2025

കുവൈത്തില്‍ വ്യാജമദ്യം കഴിച്ച് പത്ത് വിദേശികള്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ജലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്നാണ് പ്രവാസികള്‍ വ്യാജമദ്യം വാങ്ങിയത്. ഫര്‍വാനിയ, അബ്ബാസിയ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് വിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദി ഗവര്‍ണറേറ്റില്‍ നിന്നും നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.

വിഷബാധയേറ്റവരില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെടുകയും കിഡ്നി തകരാറിലാവുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. എന്നാല്‍, മരണപ്പെട്ടവരില്‍ മലയാളികളും ഉണ്ടെന്ന് അനൗദ്യോഗികമായി സൂചനകളുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ വ്യാജമദ്യ നിര്‍മ്മാതാക്കളെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാജമദ്യത്തിന്റെ ഉറവിടം കണ്ടെത്താനും ഇത് വിറ്റവരെ പിടികൂടാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.