KC VENUGOPAL MP| ‘തിരഞ്ഞെടുപ്പ് കമ്മീഷനെ വിടാതെ പിന്തുടര്‍ന്ന് അവരുടെ അജണ്ട പുറത്തു കൊണ്ടുവരും’-കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Tuesday, August 12, 2025

വോട്ട് കൊള്ള ആരോപണത്തില്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുകയാണ് ഇന്ത്യാ മുന്നണി. തിരഞ്ഞെടുപ്പ് കമ്മീഷനെ വിടാതെ പിന്തുടര്‍ന്ന് അവരുടെ അജണ്ട പുറത്തു കൊണ്ടുവരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണഉഗോപാല്‍ എം.പി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിപക്ഷം ഇന്നും പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്ന നയമാണ് കാണുന്നത്. അങ്ങനെ പേടിച്ചോടുന്നവരല്ല കോണ്‍ഗ്രസെന്നും കെ.സി വേണുഗോപാല്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.

മാണിക്യം ടാഗോര്‍ എംപി ലോക്‌സഭയിലും രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല എംപി രാജ്യസഭയിലും ‘വോട്ട് കൊള്ള’ ആരോപണത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ചര്‍ച്ച ഇന്നും തയാറാകാത്ത കേന്ദ്ര നിലപാടിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രതിപക്ഷം. വര്‍ഷകാല സമ്മേളനത്തിന്റെ പരിനേഴാം ദിവസമാണ് ഇന്ന് ചേരുന്നത്. ഇതുവരെ പ്രതിപക്ഷം ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കാത്ത ഒരു സര്‍ക്കാരാണ് ഭരിക്കുന്നത. ഇത്തരം ഒളിച്ചു കളി തുടരുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ തുറന്നടിക്കുകയാണ് പ്രതിപക്ഷം.