K.MURALEEDHARAN| തൃശൂര്‍ വോട്ട് ക്രമക്കേട്: ധാര്‍മികത ഉണ്ടെങ്കില്‍ സുരേഷ് ഗോപി രാജിവക്കണമെന്ന് കെ.മുരളീധരന്‍

Jaihind News Bureau
Tuesday, August 12, 2025

തൃശ്ശൂരിലെ വോട്ട് ക്രമക്കേടില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ദേശീയ നേതൃത്വത്തിന് വിവരങ്ങള്‍ കൈമാറി.ശാസ്തമംഗലത്തുകാരാണ് പകുതി അവിടെ വോട്ട് ചേര്‍ത്തത്. സുരേഷ് ഗോപിയുമായി പരിചയമുള്ളവരെ എല്ലാം അവിടെ ചേര്‍ത്തു. എല്ലാ അഡ്രസ്സും പരിശോധിക്കണം. വാടക ചീട്ട് ഉണ്ടെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും വോട്ട് ചേര്‍ക്കാമെന്ന സ്ഥിതി വന്നുവെന്നും അതാണ് ഈ സാഹചര്യത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃശ്ശൂരില്‍ ആദ്യം തന്നെ പരാതി നല്‍കിയിരുന്നുവെന്നും കളക്ടര്‍ പരാതി അവഗണിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്. അന്നത്തെ കളക്ടര്‍ ആന്ധ്ര ഉപമ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പോയെന്നാണ് അറിഞ്ഞത.് അത് ഡീല്‍ തന്നെയാണെന്നും ധാര്‍മികത ഉണ്ടെങ്കില്‍ സുരേഷ് ഗോപി രാജിവക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലത്തൂരിലെ ബിജെപി വോട്ടുകളാണ് കൂടുതല്‍ മാറ്റിയത്. ആലത്തൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയ്ക്ക് വലിയ രീതിയില്‍ വോട്ട് കുറഞ്ഞു. ഫ്‌ലാറ്റുകള്‍ ഒരു സാമ്രാജ്യമായി മാറ്റി. വോട്ട് ചോദിച്ച് ഫ്‌ലാറ്റുകളില്‍ എത്തുമ്പോള്‍ പലപ്പോഴും അകത്തു കയറ്റിയിരുന്നില്ല. 30000 മുതല്‍ 60000 വരെ വോട്ട് ചേര്‍ത്തുവെന്നും സുരേഷ് ഗോപി ജയിച്ചത് കൊണ്ട് മറ്റൊരു സ്ഥാനാര്‍ത്ഥിയും ഇനി തൃശ്ശൂരില്‍ ജയിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പരാതി ശരിയല്ല എന്ന മറുപടിയാണ് കളക്ടറില്‍ നിന്ന് ലഭിച്ചത്. ഭാവിയിലെങ്കിലും ഇത്തരം അട്ടിമറികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.