V D SATHEESAN| ആഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന് ഗവര്‍ണ്ണര്‍ വക സര്‍ക്കുലര്‍; സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സര്‍ക്കുലര്‍ നല്‍കാന്‍ എന്ത് അധികാരമെന്ന് വി ഡി സതീശന്‍

Jaihind News Bureau
Monday, August 11, 2025

ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആചാരിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വിഡി സതീശന്‍ . സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കുറ്റപ്പെടുത്തി.

ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി കൊണ്ടാണ് ഗവര്‍ണര്‍ അര്‍ലേക്കര്‍ വിവാദ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ- പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്റെ ചുവട് പിടിച്ചാണ് ഗവര്‍ണറുടെ പുതിയ നീക്കം.സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ഇത്തരമൊരു സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നദ്ദേഹം പറഞ്ഞു. ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. താന്‍ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആര്‍.എസ്.എസുകാരനാണെന്ന് ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തോട് വിളിച്ചു പറയുകയാണെന്നും ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കുറ്റപ്പെടുത്തി. പുതിയ നീക്കത്തോടെ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് വീണ്ടും രൂക്ഷമായി. ഡിജിറ്റല്‍ കെ റ്റി യു സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് ഉറപ്പായി. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരു ഉന്നത വിദ്യാഭ്യാസ മേഖലയെ വീണ്ടും കലുഷിതമാക്കും.