VOTERS LIST|തൃശൂരിലെ ക്രമക്കേട്: ഫ്‌ലാറ്റ് വിലാസത്തില്‍ അവസാനഘട്ടം കൂട്ടിച്ചേര്‍ത്തത് 10 വോട്ടുകള്‍; ഇവരേക്കുറിച്ച് അറിവ് പോലുമില്ലെന്ന് പരാതിക്കാരി

Jaihind News Bureau
Monday, August 11, 2025

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍ വോട്ട് ക്രമക്കേട് നടത്തിയാണ് വിജയിച്ചതെന്ന പരാതിക്ക് തെളിവായി പൂങ്കുന്നം ഭാഗം ഒന്നിന്റെ വോട്ടര്‍പട്ടികയുമായി യുഡിഎഫ്. ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ വോട്ടറായ 52-കാരി പ്രസന്ന അശോകന്റെ ഫ്‌ലാറ്റ് വിലാസത്തില്‍ പത്തു വോട്ടുകളാണ് അവസാനഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തതെന്നാണ് പരാതിയില്‍ പറയുന്നത്.

ഇവരുടെ ക്യാപിറ്റല്‍ വില്ലേജ് 4 സി എന്ന ഫ്‌ലാറ്റ് വിലാസത്തില്‍ ക്രമനമ്പര്‍ 1304- മനീഷ് എം.എസ്. (അച്ഛന്റെ പേര്: സുരേന്ദ്രന്‍), ക്രമനമ്പര്‍ 1307- മുഖാമിയമ്മ (ഭര്‍ത്താവിന്റെ പേര്: സദാശിവന്‍), 1308- സല്‍ജ കെ. (ഭര്‍ത്താവിന്റെ പേര്: ശിവദാസന്‍), 1313-മോനിഷ (അച്ഛന്റെ പേര് സുധ), 1314-സന്തോഷ് കുമാര്‍ എസ്. (അച്ഛന്റെ പേര്: സുരേന്ദ്രന്‍ ആര്‍.), 1315സജിത് ബാബു പി. (കുട്ടികൃഷ്ണന്‍ നായര്‍), 1316- അജയകുമാര്‍ എസ്. (ശ്രീകുമാരന്‍ നായര്‍), 1318-സുഗേഷ് (അച്ഛന്റെ പേര്: സുബ്രഹ്‌മണ്യന്‍), 1319- സുധീര്‍ (അച്ഛന്റെ പേര്: അയ്യപ്പന്‍), 1321- ഹരിദാസന്‍ (അച്ഛന്റെ പേര് സദാശിവന്‍) എന്നീ പേരുകളാണ് കൂട്ടിച്ചേര്‍ത്തതായി പറയപ്പെടുന്നത്.

ഇതില്‍ ആരെയും തനിക്ക് പരിചയമില്ലെന്നാണ് പരാതിക്കാരി പ്രസന്ന അശോകന്‍ പറയുന്നത്. അച്ഛന്റെയോ ഭര്‍ത്താവിന്റെയോ പേര് പരിശോധിച്ചാല്‍ ഇവര്‍ ഒരു കുടുംബത്തില്‍പ്പെട്ട അംഗങ്ങള്‍ പോലുമല്ലെന്ന് വ്യക്തമാകുമെന്ന് യുഡിഎഫും ആരോപിച്ചു. നേരത്തെ പരാതി നല്‍കിയതാണെന്നും നടപടികള്‍ ഉണ്ടായില്ലെന്നുമാണ് പരാതിക്കാരി പറയുന്നത്.