CBSE Exam | സിബിഎസ്ഇയില്‍ സുപ്രധാന മാറ്റം: ഇനി കോപ്പിയടിക്കാം ഒഫീഷ്യലായി ; 2026-27 മുതല്‍ 9-ാം ക്ലാസിന് ഓപ്പണ്‍ ബുക്ക് പരീക്ഷ

Jaihind News Bureau
Sunday, August 10, 2025

ന്യൂഡല്‍ഹി: കാണാപ്പാഠം പഠിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി,സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍) ഒമ്പതാം ക്ലാസില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ (Open Book Assessments – OBA) നടപ്പിലാക്കുന്നു. 2026-27 അധ്യയന വര്‍ഷം മുതല്‍ ഈ പുതിയ രീതി നിലവില്‍ വരും. വിദ്യാര്‍ത്ഥികളുടെ യോഗ്യത അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് വിശദീകരണം.

പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP 2020), ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCFSE 2023) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. വിദ്യാര്‍ത്ഥികളിലെ പരീക്ഷാസമ്മര്‍ദ്ദം കുറയ്ക്കുക, വിമര്‍ശനാത്മക ചിന്ത പ്രോത്സാഹിപ്പിക്കുക, പാഠഭാഗങ്ങള്‍ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളില്‍ പ്രയോഗിക്കാന്‍ പരിശീലിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജൂണ്‍ 25-ന് ചേര്‍ന്ന ബോര്‍ഡിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കിയത്.

പുതിയ രീതി ഇങ്ങനെ

ഓരോ ടേമിലും നടക്കുന്ന എഴുത്തുപരീക്ഷകളുടെ ഭാഗമായാണ് ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തുക. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. പരീക്ഷാസമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും മറ്റ് അംഗീകൃത പഠന സാമഗ്രികളും ഉപയോഗിക്കാന്‍ അനുവാദമുണ്ടാകും. ഓര്‍മ്മശക്തിയെ മാത്രം ആശ്രയിക്കുന്നതിന് പകരം, ആശയങ്ങള്‍ എത്രത്തോളം മനസ്സിലാക്കി, വിശകലനം ചെയ്യാനും പ്രയോഗിക്കാനും കഴിയുന്നു എന്ന് വിലയിരുത്താനാണ് ഈ രീതി ലക്ഷ്യമിടുന്നത്.

ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ സിബിഎസ്ഇ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. 9, 10 ക്ലാസുകളില്‍ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും 11, 12 ക്ലാസുകളില്‍ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമായിരുന്നു പരീക്ഷണം. ഇതില്‍ വിദ്യാര്‍ത്ഥികള്‍ 12% മുതല്‍ 47% വരെയാണ് മാര്‍ക്ക് നേടിയത്. റഫറന്‍സ് മെറ്റീരിയലുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പലരും വെല്ലുവിളികള്‍ നേരിട്ടെങ്കിലും, വിദ്യാര്‍ത്ഥികളുടെ ചിന്താശേഷി വര്‍ധിപ്പിക്കാന്‍ ഈ രീതിക്ക് കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അധ്യാപകര്‍.

പദ്ധതി സുഗമമായി നടപ്പിലാക്കുന്നതിനായി വിശദമായ രൂപരേഖ, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നല്‍കും. തുടക്കത്തില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഇത് നിര്‍ബന്ധമാക്കാന്‍ സാധ്യതയില്ല.

മുന്‍പ് 2014-15 മുതല്‍ 2016-17 വരെ 9, 11 ക്ലാസുകള്‍ക്കായി ഓപ്പണ്‍ ടെക്സ്റ്റ്-ബേസ്ഡ് അസസ്‌മെന്റ് (OTBA) എന്ന പേരില്‍ സമാനമായൊരു രീതി സിബിഎസ്ഇ നടപ്പിലാക്കിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു.