MAR JOSEPH PAMPLANI| ‘പിതാവിന് നിയോ മുള്ളറുടെ അവസ്ഥ വരും’; ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

Jaihind News Bureau
Sunday, August 10, 2025

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ്. പാംപ്ലാനി പിതാവിന് നിയോ മുളളറുടെ അവസ്ഥ വരുമെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ വിമര്‍ശനം. ഹിറ്റ്‌ലറുടെ ആദ്യ കാല ചെയ്തികളെ അനൂകൂലിച്ച പാസ്റ്ററായ നിയോ മുളളര്‍ക്ക് പിന്നീട് ജയിലില്‍ കിടക്കേണ്ടി വന്നതു പോലെ പിതാവിനും അതേ അവസ്ഥ വരുമെന്ന് അദ്ദേഹം തുറന്നു വിമര്‍ശിച്ചു.

ഏതാണ്ട് അഞ്ചുവര്‍ഷക്കാലമാണ് നിയോ മുള്ളറെന്ന പാസ്റ്റര്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നത്. അതുവരെ ഹിറ്റ്‌ലര്‍ നല്ലവനായിരുന്ന നിയോ മുള്ളര്‍ക്ക് അപ്പോഴാണ് ബാധോദയം ഉണ്ടായത്. ഏതാണ്ട് പാംപ്ലാനി പിതാവിനും ഇതേ അവസ്ഥ വരുമെന്നാണ് വിമര്‍ശനം.

ചില പിതാക്കന്‍മാരിപ്പോള്‍ ആര്‍ എസ് എസിനായി കുഴലൂത്തു നടത്തുകയാണെന്നും അരമനയിലേക്ക് കേക്കുമായി എത്തുന്ന ആര്‍ എസ് എസുകാരെ പരസ്പരം പരവതാനി വിരിച്ച് സ്വീകരിച്ച് ആശ്ലേഷിക്കുകയാണെന്നും ആരെയാണ് ഇവര്‍ പൊട്ടന്മാരാക്കുന്നതെന്നും വികെ സനോജ് വിമര്‍ശിച്ചു.