സാമുഹിക മാധ്യമങ്ങളിലുടെ കുപ്രചാരണം നടത്തി ജനാധിപത്യ സംവിധാനത്തെ അട്ടിമറി നടത്തി നരഭോജികള്‍ അധികാരത്തില്‍ എത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന ക്യാംപ് ഉ്ദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവലതുപക്ഷങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ നിരാകരിക്കുന്നതു കൊണ്ട് സോഷ്യല്‍ മീഡിയയാണ് ഇവരുടെ ഏറ്റവും വലിയ ആയുധം. വിഭാഗീയമായി നില്‍ക്കുന്ന ഭൂരിപക്ഷത്തെ സത്യാനന്തരകാല ഗമ്മിക്കുകള്‍ കൊണ്ടു വശത്താക്കിയാണ് ഇവരുടെ യാത്ര. ഒരു നുണ നൂറുവട്ടം അവര്‍ത്തിച്ച് സത്യമാക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രത്തിന്റെ പതിനായിരം ഇരട്ടി വലുപ്പമാണ് സോഷ്യല്‍ മീഡിയ സമ്മാനിക്കുന്നത്. ഒരേ നുണ ദശലക്ഷം തവണ ഷെയര്‍ ചെയ്ത് അതിനെ സത്യമാക്കി മാറ്റുന്ന തന്ത്രം. തെറ്റായ വാര്‍ത്തകളും സത്യമെന്നു തോന്നിപ്പിക്കുന്ന കഥകളും യഥാര്‍ഥ സത്യങ്ങളെ മറച്ചു വെച്ചു കൊണ്ടുള്ള ഗോസിപ്പുകളുമാണ് ഇവരുടെ പ്രധാന ആയുധം. അതിവൈകാരികമായ നുണപ്രചരണങ്ങളാണ് ഇവരുടെ പ്രധാന ആയുധം.
ചരിത്രത്തെ പറ്റിയോ രാഷ്ട്രീയത്തെപ്പറ്റിയോ കാര്യമായ ബോധമില്ലാത്ത ഒരു ജനതയില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്. വംശീയത, മതം, ദേശീയത തുടങ്ങിയ വൈകാരിക വിഷയങ്ങളെയാണ് ഇവര്‍ അഡ്രസ് ചെയ്യുന്നത് എന്നതു കൊണ്ട് ജനക്കൂട്ടത്തിന് മേല്‍ ഇവര്‍ ഉണ്ടാക്കുന്ന സ്വാധീനം അപരിമിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അ.. ആ… അറിവ്, ആനന്ദം എന്ന പേരില്‍ സംഘടിപ്പിക്കുന്ന വിചാരസദസ് എന്ന ക്യാമ്പില്‍ ചെയര്‍മാന്‍ സി.ആര്‍. മഹേഷിന്റെ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ എന്‍.വി. പ്രദീപ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ ആലപ്പി അഷ്റഫ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.