തൃശൂരിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നതായി സൂചന. വിഷയത്തില്‍ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടില്‍ 11 വോട്ടുകള്‍ ചോര്‍ന്നതായിട്ടാണ് പരാതി. തൃശൂര്‍ ഡിസിസി പ്രസിഡന്റാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വീട്ടില്‍ നിലവില്‍ വോട്ടര്‍ പട്ടികയിലെ താമസക്കാരില്ലെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പട്ടികയില്‍ പേര് ചേര്‍ക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് ആരോപണം ഉന്നയിച്ചത്.
രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു തൃശൂര്‍ നെട്ടിശ്ശേരിയിലേത്. വാര്‍ഡ് നമ്പര്‍ 30 ല്‍ വോട്ട് ചേര്‍ത്തത് അവസാനഘട്ടത്തിലാണെന്നാണ് ആരോപണം. 45 പേരുടെ വോട്ടുകളിലാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നല്‍കിയതാണ്. ഇക്കാര്യത്തില്‍ സ്വതന്ത്രമായി അന്വേഷണം വേണമെന്നാണ് ആവശ്യം.