MESSI| മെസ്സിയുടെ കേരള സന്ദര്‍ശനം: കരാർ ലംഘിച്ചത് സംസ്ഥാന സര്‍ക്കാരെന്ന് എ.എഫ്.എ

Jaihind News Bureau
Saturday, August 9, 2025

 

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതിന് പിന്നാലെ, കരാർ ലംഘിച്ചത് കേരള സര്‍ക്കാരാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ). കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഈ വര്‍ഷം ഒക്ടോബറില്‍ മെസ്സിയും ടീമും കേരളത്തിലെത്തുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയിരുന്നു. എന്നാല്‍, സന്ദര്‍ശനം റദ്ദാക്കിയതോടെ വലിയ വിവാദങ്ങള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.

എ.എഫ്.എ.യുടെ ചീഫ് കൊമേഴ്സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസര്‍ ലിനാന്ദ്രോ പീറ്റേഴ്‌സണ്‍ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് കരാര്‍ ലംഘനം ഉണ്ടായതെന്നും, ഒക്ടോബറില്‍ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തങ്ങളെ കബളിപ്പിച്ചു എന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

മെസ്സിയെ കേരളത്തിലേക്ക് ക്ഷണിക്കുന്നതിനായി കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌പെയിന്‍ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 13 ലക്ഷം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മെസ്സിയുടെ സന്ദര്‍ശനത്തിനായി സര്‍ക്കാര്‍ പണം ചെലവഴിക്കില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നത് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പൊളിയുകയാണ്.

മെസ്സിയുടെ സന്ദര്‍ശനത്തിനായി കരാറുണ്ടാക്കിയ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും എ.എഫ്.എ.ക്കെതിരെ രംഗത്തെത്തി. തങ്ങള്‍ 130 കോടി രൂപ (ഏകദേശം 14.8 ദശലക്ഷം ഡോളര്‍) അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് നല്‍കിയിട്ടും കരാര്‍ ലംഘിച്ച് പിന്മാറാന്‍ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍, എ.എഫ്.എ. ഇപ്പോള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെ ഈ വിഷയത്തില്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ ടീം എത്താമെന്ന് എ.എഫ്.എ. അറിയിച്ചെങ്കിലും, ഒക്ടോബര്‍ മാസത്തിലെ സന്ദര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്‌പോണ്‍സര്‍ വ്യക്തമാക്കിയിരുന്നു.

കരാര്‍ റദ്ദാക്കിയതിന്റെ കാരണം സംബന്ധിച്ച് എ.എഫ്.എ.യും കേരള സര്‍ക്കാരും പരസ്പരം പഴിചാരുന്നതോടെ, മെസ്സിയെ കേരളത്തില്‍ കാണാനുള്ള ഫുട്ബോള്‍ ആരാധകരുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.