രാജ്യത്തിന്റെ യുവജന ശബ്ദമായി നിലകൊള്ളുന്ന യൂത്ത് കോണ്‍ഗ്രസ് ഇന്ന് 65-ാം സ്ഥാപക ദിനം ആഘോഷിക്കുന്നു. 1960-ല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ദീര്ഘവീക്ഷണത്തില് രൂപീകൃതമായ ഈ സംഘടന, രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 9-നാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായി ആചരിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് കോണ്‍ഗ്രസ്, രാജ്യത്തെ യുവജനങ്ങളെ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിച്ചത്. യുവജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ദൗത്യം. രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര വികസനത്തിലും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും യൂത്ത് കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ബംഗാള്‍ വിഭജനകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ യുവാക്കള്‍ പ്രതിഷേധിച്ചപ്പോള്‍ മുതലാണ് കോണ്‍ഗ്രസ് യുവജനസംഘടന എന്ന ആശയത്തിന് തുടക്കമാകുന്നത്. അക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രാജ്യത്ത് ഒരു രാഷ്ട്രീയ സംഘടന ഇല്ലാതിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ധാരാളമായി എത്തിയതോടെയാണ് യൂത്ത് കോണ്‍ഗ്രസിന് ആരംഭം കുറിക്കുന്നത്. 1950 കാലയളവില്‍ രാജ്യത്തുടനീളം കോണ്‍ഗ്രസ് യുവജന ഗ്രൂപ്പുകള്‍ സംഘടിപ്പിക്കപ്പെട്ടു. 1950 കളിലും 1960 കളിലും നടന്ന പ്രധാന സമ്മേളനങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഘടന രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.
1949 നും 1962 നും ഇടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രധാനമായും സഹകരണ പ്രസ്ഥാനം, ബഹുജന സാക്ഷരതാ പ്രചാരണം, അയിത്തത്തിനെതിരായ പോരാട്ടം, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വ്യാപനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 1965 മുതലാണ് യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയമായി ശക്തിപ്പെടുന്നത്. 1971 ലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ ഇന്‍ഡോര്‍ സെഷനില്‍, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രിയരഞ്ജന് ദാസ് മുന്‍ഷി ആദ്യത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് കഴിവുറ്റതും ശക്തരായ നേതൃനിരയാണ് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിനുണ്ടായിട്ടുള്ളത്.
രാജ്യം കണ്ട മികച്ച ഭരണാധികാരിയും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയിലൂടെയാണ് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് വളര്‍ന്നു വന്നത്. രാജീവ് ഗാന്ധി തുടക്കമിട്ട രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ വിപ്ലവവും തുടര്‍ന്ന് ഐടി മേഖലയുടെ വികസനവും രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കി. രാജ്യത്ത് അങ്ങോളമിങ്ങോളമായി യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തേകുന്നത് രാജ്യത്തെ യുവജനങ്ങളാണ്. രാജ്യത്ത് സമൂഹസേവനത്തിന്റെ ഉദാത്ത മാതൃകകളും രാഷ്ട്രീയ വിഷയങ്ങളില്‍ നടത്തുന്ന ശക്തമായ ഇടപെടലുകളും സമൂഹതിന്മക്കെതിരായി നടത്തുന്ന പോരാട്ടങ്ങളും യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ യുവജനസംഘടനയാക്കി മാറ്റി. ജനകീയ പ്രവര്‍ത്തനങ്ങളിലൂടെയും ഉജ്വല സമരപോരാട്ടങ്ങളിലൂടെയും യൂത്ത് കോണ്‍ഗ്രസ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുകയാണ്.