സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ തലങ്ങും വിലങ്ങും വിമര്‍ശനവുമായി കടന്നാക്രമിക്കുകയാണ് പ്രതിനിധികള്‍. ബിനോയ് വിശ്വത്തിന് ഹാലിളക്കം എന്നും സിപിഎം നേതാക്കളെ കണ്ടാല്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് മുട്ടിടിക്കുമെന്നും വിമര്‍ശനമുയര്‍ന്നു. ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ ‘മുഖ്യസ്തുതി പാഠകന്‍’ ആയി മാറിയെന്നും വിമര്‍ശനമുയര്‍ന്നു. നേരത്തെ കൊല്ലം ജില്ലാ സമ്മേളനത്തിലും അദ്ദേഹത്തിനെതിരെ സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
‘പിണറായി സര്‍ക്കാര്‍’ എന്ന പ്രയോഗത്തിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇത് ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ കൂട്ടായ നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും പകരം ‘എല്‍ഡിഎഫ് സര്‍ക്കാര്‍’ എന്ന് ഉപയോഗിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു എന്നും ചില വിഷയങ്ങളില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നും പ്രതിനിധികള്‍ ആഞ്ഞടിച്ചു. ഗവര്‍ണര്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടുകളിലുള്ള ആത്മാര്‍ത്ഥതയില്ലായ്മയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സിപിഐഎമ്മിന് തെല്ലും ആത്മാര്‍ഥതയില്ല. നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നു. സിപിഐഎമ്മിന്റെ വകുപ്പുകളില്‍ അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്. സപ്ലൈസ് വകുപ്പിനെ അവഗണിക്കുകയും ഫണ്ട് നല്‍കാതിരിക്കുകയും ചെയ്യുന്നു, അതേസമയം സിപിഎം ഭരിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന് സഹായം നല്‍കുന്നു എന്നും ആരോപണമുയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിമര്‍ശകര്‍ തുറന്നടിച്ചു. കെ.ഇ. ഇസ്മയിലിനെയും സി. ദിവാകരനെയും പോലുള്ള മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് പ്രായപരിധി നടപ്പിലാക്കിയതെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.