RAHUL GANDHI| ‘മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷ്ടിച്ച്; തെര.കമ്മീഷന്‍ മറുപടി പറയണം’- രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, August 8, 2025

മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇലക്ഷന്‍ കമ്മീഷന്റേത് ജനങ്ങളോടുള്ള ക്രിമിനല്‍ കുറ്റം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറഞ്ഞേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ ഇലക്ട്രല്‍ വോട്ടിങ് ലിസ്റ്റ് വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സമഗ്ര വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ ഒരു ലക്ഷത്തോളം പേരെ അണിനിരത്തി പ്രതിഷേധിക്കുന്ന വേളയിലാണ് അദ്ദേഹം മോദിക്കെതിരെ സംസാരിച്ചത്.

‘നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ പോരാട്ടം’ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച റാലിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കി. ഭരണഘടനയുടെ അടിസ്ഥാന തത്വമായ ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന അവകാശം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. ഓരോ കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകനും അതിനെ സംരക്ഷിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ 10 വര്‍ഷത്തെ വോട്ടര്‍ പട്ടികയും വീഡിയോ റെക്കോര്‍ഡിംഗുകളും ഉടനടി ഞങ്ങള്‍ക്ക് നല്‍കണം’- രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നത് കൊണ്ടാണ് തനിക്കും സഖ്യകക്ഷികള്‍ക്കും തോല്‍വി നേരിട്ടതെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 15-16 സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും 9 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബെംഗളൂരു സെന്‍ട്രല്‍, മഹാദേവപുര മണ്ഡലങ്ങളിലെ ഫലങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള ഒത്തുകളി വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

മഹാദേവപുര മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ 100,250 എണ്ണം ‘മോഷ്ടിക്കപ്പെട്ടു’വെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതില്‍ 12,000 ഇരട്ട വോട്ടര്‍മാരും, വ്യാജ വിലാസങ്ങളുള്ള 40,000 വോട്ടര്‍മാരും, ഒരേ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത 10,400 വോട്ടര്‍മാരും ഉള്‍പ്പെടുന്നു. കൂടാതെ, അസാധുവായ ഫോട്ടോകളുള്ള 4,000 വോട്ടര്‍മാരെയും, ഫോം 6 ദുരുപയോഗം ചെയ്ത് പട്ടികയില്‍ ചേര്‍ത്ത 33,600 അയോഗ്യരായ വോട്ടര്‍മാരെയും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ ക്രമക്കേടുകള്‍ നടന്നതായി രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനത്ത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. ഇതിന് കാരണം, വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ത്ത ഒരു കോടി വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്തതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ വോട്ടര്‍പട്ടികയുടെ ഇലക്ട്രോണിക് രൂപവും വീഡിയോഗ്രാഫിക് റെക്കോര്‍ഡുകളും നല്‍കിയാല്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ ഒരു സീറ്റില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം വോട്ട് മോഷണം നടന്നുവെന്ന് ഇത് തെളിയിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍, അവര്‍ ‘ഒരു കുറ്റകൃത്യം മറച്ചുവെക്കുകയും ബിജെപിയെ തിരഞ്ഞെടുപ്പ് മോഷണത്തിന് സഹായിക്കുകയും ചെയ്യുന്നു’ എന്നാണ് അതിനര്‍ത്ഥമെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. താന്‍ പാര്‍ലമെന്റിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണെന്നും, ഭരണഘടനയെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. താന്‍ വിവരങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ വെബ്‌സൈറ്റ് അടച്ചുപൂട്ടിയെന്നും രാഹുല്‍ ആരോപിച്ചു. ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ കള്ളക്കളികള്‍ പുറത്തുവരുമെന്ന് അറിയാമായിരുന്നതിനാലാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക അട്ടിമറി ആരോപണത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ ഓം ബിര്‍ള നോട്ടീസ് തള്ളുകയായിരുന്നു. ബംഗ്ലൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്തു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പ്രതിപക്ഷ മാര്‍ച്ചിന് രാഹുല്‍ നേതൃത്വം നല്‍കും. ബീഹാറിലും അടുത്തയാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ യാത്ര സംഘടിപ്പിക്കും.