പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഇസ്രയേല്‍ നിര്‍മിത ആയുധങ്ങള്‍ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നിര്‍മിത ബരാക്-8 മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഓപ്പറേഷനില്‍ ഇന്ത്യ പ്രയോഗിച്ചെന്നാണ് നെതന്യാഹുവിന്റെ വാദം.
തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ യുദ്ധക്കളത്തില്‍ നന്നായി പ്രവര്‍ത്തിച്ചെന്നും, യുദ്ധസമയത്ത് ആയുധങ്ങള്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്നും ഹമാസിനെതിരെയുള്ള ഗാസയിലെ സൈനികാക്രമണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തന്റെ പദ്ധതി വെളിപ്പെടുത്തുന്നതിനിടെ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
പാകിസ്താനിലെ പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂറിനെ ഇസ്രയേല്‍ പിന്തുണച്ചിരുന്നു. ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കേണ്ടത് ആവശ്യമാണെന്ന് ഇസ്രയേലിന്റെ മുംബൈയിലെ കോണ്‍സല്‍ ജനറലായ കോബി ശോഷാനി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഏകദേശം 100 മണിക്കൂറോളം നീണ്ടുനിന്ന പാകിസ്താന്റെ മിസൈല്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യ ബരാക് മിസൈലുകളും, ഹാര്‍പി ഡ്രോണുകളും, തദ്ദേശീയമായി നിര്‍മ്മിച്ച ആയുധങ്ങളും, റഷ്യന്‍ നിര്‍മിത എസ്-400 വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ചിരുന്നു.