തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി.നിലവറ തുറക്കുന്നതില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചു. ഭരണസമിതി യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തന്ത്രിമാര്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കട്ടെ എന്ന നിലപാടിലാണ് ഭരണസമിതി. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ ഭരണസമിതിക്ക് തീരുമാനമെടുക്കാം എന്നാണ് നേരത്തെ സുപ്രീംകോടതിയില്‍ നിര്‍ദ്ദേശിച്ചിരുന്നത്.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിലപാടും ഇക്കാര്യത്തില്‍ ഏറെ നിര്‍ണായകമാണ്. 2011 ജൂലൈയില്‍ കോടതി നിര്‍ദ്ദേശപ്രകാരം മറ്റ് നിലവറകള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അളവറ്റ നിധിശേഖരവും സ്വര്‍ണാഭരണങ്ങളുമാണ് കണ്ടെത്തിയത്. ആചാര വിശ്വാസങ്ങളുടെ പേരില്‍ വലിയ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ ബി നിലവറ തുറക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.