UDHAMPUR| ഉദ്ദംപൂരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

Jaihind News Bureau
Thursday, August 7, 2025

ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. ഉദ്ദംപൂര്‍ ജില്ലയിലെ ബസന്ത്ഗഡ്-കണ്ഡ്വ മേഖലയില്‍ രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 15-ലധികം ജവാന്മാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു.

ബസന്ത്ഗഡില്‍ ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന 187-ാം ബറ്റാലിയനിലെ 23 ജവാന്മാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടന്‍ പ്രദേശവാസികളും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലത്തെത്തി.

സംഭവത്തില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് എക്‌സില്‍ കുറിച്ചു. രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ സേവനം രാജ്യം എക്കാലവും ഓര്‍മ്മിക്കുമെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.