ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസുകാരി പിതാവില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും ക്രൂരത നേരിട്ട സംഭവത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി ഒരിക്കല്‍പ്പോലും ഒരു കുഞ്ഞും ഇങ്ങനെയൊന്നും അനുഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതര്‍ ആണെന്നും വിദ്യാഭ്യാസ വകുപ്പും ശിശുക്ഷേമ സമിതിയും ഇക്കാര്യത്തില്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ കൗണ്‍സിലിംഗ് നല്‍കണം. കൂടാതെ അധ്യാപകരുടെയും സ്കൂളുകളിലെ കൗണ്‍സിലര്‍മാരുടെയും കുട്ടികളുമായുള്ള ആശയവിനിമയത്തില്‍ വര്‍ധനവുണ്ടാകണം. പ്രയാസം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, ആ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം. പ്രയാസമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ ആശാ പ്രവര്‍ത്തകരെ ഉപയോഗിക്കാന്‍ കഴിയുന്ന സാധ്യത കൂടി പരിശോധിക്കണം. പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും കഴിയും. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തേണ്ട ചുമതല കൂടി സര്‍ക്കാര്‍ സംവിധാനത്തിനാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഏത് ഇടപെടലുകള്‍ക്കും ഒപ്പമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
‘എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ് കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്.
എനിക്ക് സുഖമില്ല സാറേ.
വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്.’
ചോര കല്ലിച്ച് വീങ്ങിയ കവിളില്ക്കൂടി ഉപ്പുരസമുള്ള കണ്ണീര് എത്ര ഒഴുകിയിട്ടുണ്ടാവും. അതെന്തുതന്നെയായാലും ഒരൊമ്പത് വയസ്സുകാരിയുടെ ഹൃദയം നൊന്തതിനേക്കാള്‍ നീറ്റല്‍ അതിനുണ്ടാക്കാന്‍ കഴിയില്ല. എന്റെ വാപ്പീ എന്ന അവളുടെ വിളിയില്‍ ആ വേദനയുണ്ട്. നൊന്തുപെറ്റതല്ലെങ്കിലും ഉമ്മിയെന്ന് വിളിച്ചുശീലിച്ച സ്ത്രീയെയും ജന്മം നല്കിയ വാപ്പിയെയും വരെ അവള് തള്ളിപ്പറഞ്ഞെങ്കില്‍, അത് ഉള്ളുപൊട്ടിയിട്ടാണ്, കുഞ്ഞുഹൃദയം തേങ്ങിയിട്ടാണ്.
ഒരച്ഛന്റെ മനസ്സ് പൊളിക്കുന്നതാണ് ആലപ്പുഴ നൂറനാട്ട് നിന്ന് കേള്‍ക്കുന്ന കുഞ്ഞിന്റെ അടക്കിപ്പിടിച്ച വിതുമ്പല്‍. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതായിപ്പോയ ഒരൊമ്പത് വയസ്സുകാരി തന്റെ നോട്ടുബുക്കിന്റെ പേജില്‍ അറിയാവുന്ന കടുത്ത ഭാഷയില്‍ എഴുതിയതാണ് ആദ്യം വായിച്ചത്. ‘എന്റെ അനുഭവം’ എന്ന തലക്കെട്ടിലുള്ള വാക്കുകള്‍ ഒരിക്കല്‍ക്കൂടി വായിച്ചുനോക്കൂ. ഒരുപാട് കുട്ടികളുടെ, ഒരുപാട് കാലത്തെ വിങ്ങലിന്റെ പ്രതിധ്വനിയാകും ഒരുപക്ഷേ, ആ വരികള്‍.
ഒരുവര്‍ഷമായി തുടരുന്ന ക്രൂരതയുടെ ചുരുക്കെഴുത്ത് മാത്രമേ അവള്‍ക്കെഴുതാന്‍ കഴിഞ്ഞിട്ടുള്ളൂ. ജനിച്ച് ഏഴാം ദിവസം ഉമ്മിയെ നഷ്ടപ്പെട്ടെങ്കിലും കുറച്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഉമ്മിയുടെ സ്ഥാനത്ത് മറ്റൊരാള്‍ വന്നപ്പോള്‍ അവള് സന്തോഷിച്ചിട്ടുണ്ടാകണം. പക്ഷേ, ഉറക്കത്തില്‍ മുടിയില്‍ കുത്തിപ്പിടിച്ചെഴുന്നേല്പ്പിച്ച്, ഉമ്മിയും സ്വന്തം വാപ്പിയും ചേര്‍ന്ന് ഇരുകരണത്തും മാറി മാറി അടിച്ച് വേദനിപ്പിക്കുമെന്ന് അവള് കരുതിയിട്ടുണ്ടാവില്ല, സ്വപ്നത്തില്‍ പോലും. കാലുകളുടെ ഇരുമുട്ടുകളിലും കാണാം, അടിച്ചുചതച്ച പാടുകള്‍. വാപ്പി തന്നെ കൊല്ലുമെന്ന് പറയണമെങ്കില്‍ അവള് അത്രത്തോളം ഭയക്കുന്നുണ്ടാവും, ഇനിയും അവര്‍ക്കൊപ്പം, ആ വീട്ടില്‍ നില്ക്കാന്.
സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നത് നിരന്തരം ആവര്ത്തിച്ചുചോദിക്കാന് തന്നെ ലജ്ജ തോന്നുകയാണ്. ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി ഒരിക്കല്‍പ്പോലും ഒരു കുഞ്ഞും ഇങ്ങനെയൊന്നും അനുഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതര്‍ തന്നെയാണ്. വിദ്യാഭ്യാസ വകുപ്പും ശിശുക്ഷേമ സമിതിയും ഇക്കാര്യത്തില്‍ നേതൃത്വം നല്‍കണം. കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ കൗണ്‍സിലിംഗ് നല്‍കണം. കൂടാതെ അധ്യാപകരുടെയും സ്കൂളുകളിലെ കൗണ്‍സിലര്‍മാരുടെയും കുട്ടികളുമായുള്ള ആശയവിനിമയത്തില്‍ വര്‍ധനവുണ്ടാകണം. പ്രയാസം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, ആ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം. പ്രയാസമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ ആശാ പ്രവര്‍ത്തകരെ ഉപയോഗിക്കാന്‍ കഴിയുന്ന സാധ്യത കൂടി പരിശോധിക്കണം. പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും കഴിയും. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തേണ്ട ചുമതല കൂടി സര്‍ക്കാര്‍ സംവിധാനത്തിനാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഏത് ഇടപെടലുകള്‍ക്കും ഒപ്പമുണ്ടാവും.