PARLIAMENT| ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദം: പ്രധാന ആവശ്യം ‘ചര്‍ച്ച’ തന്നെ; ഇന്ന് ഇന്ത്യ സഖ്യം യോഗം ചേരും

Jaihind News Bureau
Thursday, August 7, 2025

ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദത്തിനിടെ ഇന്ത്യാ സഖ്യ യോഗം ഇന്ന് ചേരും. വിഷയത്തിലെ തുടര്‍നടപടികളും പ്രതിഷേധ പരിപാടികളും ഇന്ന് ചര്‍ച്ച ചെയ്യും. പൗരന്റെ വോട്ടവകാശം നഷ്ടമാക്കുന്ന പ്രവര്‍ത്തിയെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു. അതേസമയം. പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും.

സാധാരണക്കാരന്റെ വോട്ടവകാശം നഷ്ടമാക്കുവാനുള്ള നീക്കങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത് ഏത് തരത്തിലും എതിര്‍ക്കുമെന്നാണ് ഇന്ത്യ സഖ്യവും പ്രതിപക്ഷവും കുറച്ചു ദിവസങ്ങളായി ഉന്നയിക്കുന്നത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച ആവശ്യമാണെന്ന് നിരന്തരം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ എംപിമാര്‍. എന്നാല്‍, ഇത് സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. വിഷയം പലവട്ടം എംപിമാര്‍ ഉന്നയിച്ചപ്പോഴൊക്കെ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോകുക എന്ന് നിലപാടാണ് സ്പീക്കര്‍ എടുത്തത്. ചര്‍ച്ച എന്നതിനപ്പുറം വിട്ടുവീഴ്ചയില്ല എന്ന് തന്നെയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സഭാ കവാടത്തിനകത്തും പുറത്തും ഇരു സഭകളിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.