ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക പ്രത്യേക പുതുക്കല്‍ (Special Intensive Revision – SIR) നടപടിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ‘ഇന്‍ഡ്യ’ സഖ്യകക്ഷികള്‍ ഒറ്റക്കെട്ടാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാ ഇന്ത്യക്കാരുടെയും വോട്ടവകാശം സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ബുധനാഴ്ച വിജയ് ചൗക്കില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഖാര്‍ഗെ ഈ ആവശ്യം ഉന്നയിച്ചത്.
വോട്ടര്‍ പട്ടിക പുതുക്കുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരുടെ വോട്ടവകാശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഖാര്‍ഗെ ആരോപിച്ചു. ‘ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഖാര്‍ഗെ പറഞ്ഞു.
‘ജനങ്ങളുടെ വോട്ടവകാശം കവരരുത് എന്ന് ഞങ്ങള്‍ സ്പീക്കറോടും ചെയര്‍മാനോടും സര്‍ക്കാരിനോടും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുകയാണ്. അതാണ് എസ്.ഐ.ആര്‍ അഭ്യാസത്തിലൂടെ ഇപ്പോള്‍ നടക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായതിനാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദത്തെയും ഖാര്‍ഗെ തള്ളി. സൂര്യന് കീഴിലുള്ള എന്തും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇതൊരു ചര്‍ച്ചാവിഷയമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യക്തികളുടെ പൗരത്വത്തില്‍ സംശയം ജനിപ്പിക്കാനാണ് അവര്‍ ഒരു തരത്തില്‍ ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ വെല്ലുവിളിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു.
പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യ സഖ്യം
എസ്.ഐ.ആര്‍ വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാഗരിക ഘോഷ് വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന ആളുകള്‍ക്ക് നേരെയുണ്ടാകുന്ന ‘ആക്രമണങ്ങളില്‍’ ഉള്ള ആശങ്കയും ഉന്നയിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികള്‍ ഓഗസ്റ്റ് 11-ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സാഗരിക ഘോഷ് അറിയിച്ചു.
ഡിഎംകെയുടെ തിരുച്ചി ശിവ, സിപിഐ(എം)ലെ ജോണ്‍ ബ്രിട്ടാസ്, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് എന്നിവരുള്‍പ്പെടെ ഇന്‍ഡ്യ സഖ്യത്തിലെ വിവിധ കക്ഷി നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.