UTTARAKHAND CLOUDBURST| ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനം: നൂറോളം പേര്‍ കുടുങ്ങിയതായി സംശയം, രക്ഷാദൗത്യം തുടരുന്നു; കൂടുതല്‍ സേന ധരാലിയിലേക്ക്

Jaihind News Bureau
Wednesday, August 6, 2025

ഉത്തരാഖണ്ഡിലെ ഹര്‍ഷിലുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളെയും വ്യോമസേനയുടെ ഹെലികോപ്റ്ററും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, 9 സൈനികര്‍ ഉള്‍പ്പെടെ നൂറോളം പേരെ കാണാതായതായാണ് സൂചന. മേഖലയില്‍ പലയിടത്തും ഇപ്പോഴും മണ്ണിടിച്ചില്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗംഗോത്രി തീര്‍ത്ഥാടന പാതയിലെ പ്രധാന ഗ്രാമമായ ധരാലി മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും പൂര്‍ണ്ണമായും തകര്‍ന്നു. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് ആദ്യത്തെ മേഘവിസ്‌ഫോടനമുണ്ടായത്. ഇതിനു പിന്നാലെ സുഖി ടോപ്പിലെ സൈനിക ക്യാമ്പിന് സമീപം രണ്ടാമത്തെ മേഘവിസ്‌ഫോടനവും സംഭവിച്ചു. ഈ മണ്ണിടിച്ചിലില്‍ ഹര്‍ഷിലിലുള്ള സൈനിക ക്യാമ്പ് തകര്‍ന്നാണ് 9 സൈനികരെ കാണാതായത്. ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന ഈ പ്രദേശത്തെ നിരവധി വീടുകളും ഹോട്ടലുകളും ഒലിച്ചുപോയിട്ടുണ്ട്. പ്രളയത്തില്‍പ്പെട്ട കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാനുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു.