PRIYANKA GANDHI| യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ആരെന്നത് ജഡ്ജിമാര്‍ തീരുമാനിക്കേണ്ട; ഭരണപക്ഷത്തിനെതിരേ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം: പ്രിയങ്ക ഗാന്ധി

Jaihind News Bureau
Tuesday, August 5, 2025

രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി വിമര്‍ശനത്തില്‍ ശക്തമായ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ആരെന്നത് ജഡ്ജിമാര്‍ തീരുമാനിക്കേണ്ട. ഭരണപക്ഷത്തിനെതിരേ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്നും അദ്ദേഹം സൈന്യത്തെ ബഹുമാനിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

‘ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ ജഡ്ജിമാരോട് എല്ലാ ആദരവോടും കൂടി പറയട്ടെ, ആരാണ് ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന് തീരുമാനിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് രാഹുല്‍ ഗാന്ധിയുടെ കടമയാണ്. സൈന്യത്തിന് എതിരായി എന്റെ സഹോദരന്‍ ഒന്നും പറയില്ല, സൈന്യത്തെ അദ്ദേഹം ബഹുമാനിക്കുന്നു’- പ്രിയങ്ക ഗാന്ധി ചോദിച്ചു. രാഹുലിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

2022-ല്‍ അരുണാചല്‍ പ്രദേശിലെ യാങ്‌സി മേഖലയില്‍ ഇന്ത്യന്‍-ചൈനീസ് സൈന്യങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്. ‘ചൈന 2000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാമെന്നും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ അങ്ങനെ പറയില്ല,’ എന്നുമാണ് കോടതിയുടെ നിരീക്ഷണം.