RED FORT| ചെങ്കോട്ടയിലേക്ക് കടന്നുകയറാന്‍ ശ്രമം; അഞ്ച് ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍

Jaihind News Bureau
Tuesday, August 5, 2025

ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സംഭവം. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള ഇവരില്‍ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു. അനധികൃതമായി രാജ്യത്ത് കുടിയേറിയ ഇവര്‍ ഡല്‍ഹിയില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി പോലീസ് നടത്തിയ മോക്ക് ഡ്രില്ലില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ‘ഡമ്മി ബോംബ്’ കണ്ടെത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഏഴ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം, ഹരിയാനയില്‍ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലാദേശ് പൗരന്മാരെയും പോലീസ് പിടികൂടി. ഇവരില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ പ്രകാരം ബംഗ്ലാദേശ് പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടന്‍ തന്നെ നാടുകടത്തുമെന്ന് ഹരിയാന പോലീസ് അറിയിച്ചു.