GAZA| ഗാസയില്‍ മാനുഷിക പ്രതിസന്ധി രൂക്ഷം: അഞ്ച് മാസത്തിന് ശേഷം ആദ്യമായി ഇന്ധന ട്രക്കുകള്‍ എത്തി

Jaihind News Bureau
Tuesday, August 5, 2025

ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമായിരിക്കെ, അഞ്ച് മാസത്തിന് ശേഷം ആദ്യമായി ഇന്ധനവുമായി രണ്ട് ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചു. ഇന്ധനക്ഷാമം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതും ക്ഷാമം വര്‍ധിക്കുമെന്ന ആശങ്കകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേലിന്റെ ഈ നടപടി.

ഞായറാഴ്ച ഈജിപ്തില്‍ നിന്ന് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള കരേം അബു സലേം ക്രോസിംഗ് വഴി 107 ടണ്‍ ഇന്ധനവുമായി രണ്ട് ട്രക്കുകളാണ് ഗാസയില്‍ എത്തിയത്. ആശുപത്രികള്‍, ബേക്കറികള്‍, പൊതു അടുക്കളകള്‍ എന്നിവയ്ക്കുള്ള ഇന്ധനവുമായി നാല് ടാങ്കറുകള്‍ കൂടി ഈ ആഴ്ച അവസാനം എത്താന്‍ സാധ്യതയുണ്ട്. ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ഇസ്രായേലിനുമേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഭക്ഷണ സാധനങ്ങള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്നതിനുമുമ്പ് ആളുകള്‍ കൊള്ളയടിക്കുന്നത് പതിവായിട്ടുണ്ട്. ഇത് തടയാന്‍ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുന്ന സംഭവങ്ങളും ഉണ്ടായി. ഞായറാഴ്ച ഭക്ഷണം ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ജൂണ്‍ മുതല്‍ സഹായം തേടുന്നതിനിടെ 1,400-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

ഇന്ധന വിതരണം കുറഞ്ഞത് ആശുപത്രി സേവനങ്ങളെ ഗുരുതരമായി ബാധിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഗാസയില്‍ പട്ടിണി മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പേര്‍ പട്ടിണി മൂലം മരിച്ചതോടെ ആകെ മരണസംഖ്യ 175 ആയി. മരിച്ചവരില്‍ 93 പേര്‍ കുട്ടികളാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമായ സഹായം നല്‍കാന്‍ പ്രതിദിനം 600 ട്രക്കുകള്‍ വേണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 22,000-ല്‍ അധികം മാനുഷിക സഹായ ട്രക്കുകള്‍ അതിര്‍ത്തികളില്‍ തടഞ്ഞിട്ടിരിക്കുകയാണെന്ന് ഗാസയിലെ മാധ്യമ ഓഫീസ് അറിയിച്ചു. ജൂലൈ മുതല്‍ 35 ട്രക്കുകള്‍ മാത്രമാണ് ഗാസയില്‍ പ്രവേശിച്ചതെന്ന് സഹായ ഏകോപന ഏജന്‍സിയായ COGAT പറയുന്നു.

ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനുശേഷം, അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് മുതല്‍ ഇന്ധനത്തിന്റെയും ഭക്ഷണത്തിന്റെയും വിതരണം ഇസ്രായേല്‍ തടസ്സപ്പെടുത്തിയിരുന്നു. ഈ പ്രതിസന്ധി ഗാസയില്‍ കൂടുതല്‍ മാനുഷിക ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.