സവര്‍ണ്ണ, മേലാള മനോഭാവത്തിന്റെ എലിപ്പത്തായത്തില്‍ നിന്നും പുറത്തു കടക്കാനാകാത്ത മനോഭാവം വെടിയാന്‍ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെ പ്രഗല്‍ഭനായ ചലച്ചിത്രകാരന് കഴിയാത്തത് ഖേദകരമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ.
ജീവിതസാഹചര്യങ്ങളുടെ പരിമിതി കൊണ്ടും സാമ്പത്തിക ക്ലേശം കൊണ്ടും മുഖ്യധാരയിലേക്ക് കടന്നു വരാന്‍ കഴിയാത്ത നൂറു കണക്കിന് കലാകാരന്‍മാര്‍ നമുക്കു ചുറ്റുമുണ്ട്. സ്വാഭാവികമായും അവരില്‍ ഭൂരിപക്ഷവും ദലിത് സമൂഹത്തില്‍ പെട്ടവരാണ്. അത്തരം അനുഗൃഹീത കലാകാരന്‍മാരെ കൈപിടിച്ചുയര്‍ത്തേണ്ട ബാധ്യത സ്റ്റേറ്റിനും പൊതു സമൂഹത്തിനുമുണ്ട്.ബഹിരാകാശ യാത്ര ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മികവു തെളിയിച്ച സ്ത്രീ സമൂഹം സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന അദ്ദേഹത്തിന്റെ ധാരണ സ്ത്രീ വിരുദ്ധം മാത്രമല്ല, മനുഷ്യവിരുദ്ധം കൂടിയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ അപമാനകരമായ പ്രസ്താവനയെ അംഗീകരിച്ച സാംസ്‌കാരിക വകുപ്പുമന്ത്രിയും ദലിത് – സ്ത്രീ സമൂഹത്തോട് മാപ്പുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടൂര്‍ ഗോപാലകൃഷ്ണന്റെ സൃഷ്ടികളെ ഇഷ്ടപ്പെടുന്നതിനേക്കാള്‍ ആയിരം മടങ്ങ് ആളുകള്‍ ദലിത് – ആദിവാസി സമൂഹം പാടുന്ന പാട്ടുകളെയും അവരുടെ സൃഷ്ടികളെയും ഇഷ്ടപ്പെടുന്നുണ്ടെന്ന കാര്യം കൂടി അദ്ദേഹം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അടൂരെന്നല്ല, ആരു പറഞ്ഞാലും ഇത്തരം വാക്കുകള്‍ സാംസ്‌കാരിക ലോകത്തിന് അപമാനമാണന്നും എപി അനില്‍കുമാര്‍ എം.എല്‍. എ പറഞ്ഞു.