സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സിപിഎമ്മിന്റെ കൊടുംക്രിമിനലുകള്‍ പോലീസിനേയും ജയിലധികാരികളേയും വരച്ച വരയില്‍ നിര്‍ത്തുന്ന അവസ്ഥയാണ് കണ്ണൂരിലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്. ആഭ്യന്തരവകുപ്പിന്റെ പൂര്‍ണ പിന്തുണയോടെ ടി.പി വധക്കേസടക്കം നിരവധി കൊലപാതകകേസുകളില് പ്രതിയായ കൊടി സുനി ഉള്‍പ്പെടെയുള്ള ക്രിമിനലുകളാണ് ജയിലുകള്‍ ഭരിക്കുന്നത്. ടി പി കേസിലെ പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഷിനോജുമൊക്കെ പോലീസിനെ കാവല്‍ നിര്‍ത്തി പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. പരസ്യമദ്യപാനം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് മൂന്നു പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തത്. എന്നാല്‍ ജയിലുകളില്‍ ഇവരനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ക്കെതിരേ എന്തു കൊണ്ട് നടപടി സ്വീകരിക്കുന്നില്ല…? യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ സിപിഎം ക്രിമിനലിന് പ്രണയസല്ലാപത്തിനടക്കം കണ്ണൂര്‍ ജയിലില്‍ സൗകര്യം ചെയ്തു കൊടുത്തിരുന്നു. ജയിലധികാരികള്‍ ഇവരെ ഭയന്നാണ് കഴിയുന്നത്. കാരണം ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ സംരക്ഷണം ഈ ക്രിമിനലുകള്‍ക്കുണ്ട് എന്നതു തന്നെ. ഇവര്‍ക്കെതിരെ ചെറുവിരലനക്കാനുള്ള ധൈര്യം ജയിലധികാരികള്ക്കില്ല. ടിപി കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളില്‍ പലരും ജയിലില്‍ വളരെ അപൂര്വമായാണെത്തുന്നത്. എല്ലാ സമയവും ഇവര്‍ക്കു പരോളാണ്. ഏറ്റവുമൊടുവില്‍ ടി കെ രജീഷിനാണ് പരോള്‍ നല്‍കിയിരിക്കുന്നത്. മന്ത്രിസഭയിലെ ഉന്നതനടക്കം ടി പി കേസിലെ പ്രതികളെ ഭയക്കുന്ന സാഹചര്യമാണ്. ടി പി കേസിലെ ഗൂഢാലോചനയുടെ കഥകള്‍ പുറത്തു പറയുമെന്ന ഇവരുടെ ബ്ലാക്ക് മെയിലിംഗിനെ ആഭ്യന്തരവകുപ്പിലെ ഉന്നതന് കീഴടങ്ങുകയാണ്. ഇവര്‍ക്ക് മദ്യവും മദിരാക്ഷിയുമൊക്കെ ലഭ്യമാക്കുന്നതില്‍ ഒരു മുടക്കവും വരുത്താത്തതും അതു കൊണ്ടു തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂര്‍ ജയിലില്‍ മയക്കുമരുന്നും മൊബൈല്ഫോണുകളുമൊക്കെ യഥേഷ്ടം ലഭിക്കുമെന്ന് അടുത്തിടെ തടവു ചാടി പിടിയിലായ പ്രതി ഗോവിന്ദച്ചാമി പോലീസിനു മൊഴി നല്കിയതും ഗൗരവത്തോടെ കാണേണ്ടതാണ്. ജയിലുദ്യോഗസ്ഥരും അകമ്പടി പോകുന്ന പോലീസുകാരുമൊക്കെ സിപിഎം ക്രിമിനലുകളുടെ വിളയാട്ടങ്ങള്‍ക്ക് കൂട്ടുനില്ക്കാന് നിര്‍ബന്ധിതരാവുകയാണ്. ആഭ്യന്തരവകുപ്പിനെ വരുതിയില്‍ നിര്‍ത്തിയിട്ടുള്ള പാര്‍ട്ടി ക്രിമിനലുകളെ അനുസരിക്കേണ്ട ഗതികേടിലാണ് പോലീസുകാരും ജയിലുദ്യോഗസ്ഥരുമൊക്കെയെന്ന് മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.