CPI KOLLAM CONFERENCE| ചിഞ്ചുറാണിയേയും പി പ്രസാദിനേയും നിര്‍ത്തിപ്പൊരിച്ച് സിപിഐ കൊല്ലം ജില്ലാ സമ്മേളനം; സംസ്ഥാനനേതൃത്വത്തിന് കഴിവുകേടെന്ന് പരിഹാസം

Jaihind News Bureau
Monday, August 4, 2025

 

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ മന്ത്രിമാരായ ജെ. ചിഞ്ചുറാണിക്കും പി പ്രസാദിനുമെതിരേ ഉയര്‍ന്നത് കടുത്ത വിമര്‍ശനങ്ങള്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നും സപ്ലൈകോ കേന്ദ്രങ്ങളില്‍ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും ജനകീയ വിഷയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു.

പാര്‍ട്ടി മന്ത്രിമാരില്‍ പലരും ദുര്‍ബലരാണ്. മുഖ്യമന്ത്രിയുടെ സ്തുതി പാഠകരായി മന്ത്രിമാര്‍ മാറിയിരിക്കുന്നു. പാര്‍ട്ടിയുടെ അസ്തിത്വം ഇവര്‍ ഇല്ലാതാക്കി. കൊല്ലം ജില്ലയില്‍ നിന്നുള്ള മന്ത്രി ചിഞ്ചു റാണിയുടെ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലുള്ള പ്രതികരണവും ഡാന്‍സും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. മന്ത്രിയുടെ കഴിവുകേടിനേയും സമ്മേളനത്തില്‍ വിമര്‍ശിച്ചു. ചിഞ്ചുറാണിയെന്ന മന്ത്രിയുണ്ടെന്ന് ജനം അറിഞ്ഞത് തേവലക്കര ദുരന്തസമയത്ത് സുംബാ ഡാന്‍സ് കളിച്ചപ്പോള്‍ മാത്രമാണെന്നു വരെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മാത്രമല്ല, മന്ത്രിയായതിനു ശേഷം ചിഞ്ചുറാണിയുടെ നടപടികളില്‍ പലതിലും അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചു. കൃഷി മന്ത്രി പി പ്രസാദിനും കണക്കിന് കിട്ടി പരിഹാസം. ഭാരതാംബ വിവാദം കൊണ്ടുണ്ടായ ഏക ഗുണം, നാലര വര്‍ഷമായി ആര്‍ക്കുമറിയാതിരുന്ന ഒരു കൃഷി വകുപ്പ് മന്ത്രിയുണ്ടെന്നു നാട്ടുകാരറിഞ്ഞു എന്നതാണെന്നും വിമര്‍ശനമുണ്ടായി.

പാര്‍ട്ടി സഖാക്കളെക്കൊണ്ടു സംസ്ഥാന സെക്രട്ടറി ഭാരത് മാതാ കീ ജയ് വിളിപ്പിച്ചതില്‍ കടുത്ത പ്രതിഷേധമാണ് പ്രതിനിധികള്‍ പ്രകടിപ്പിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് അതല്ലെന്നും ചില അംഗങ്ങള്‍ ബിനോയ് വിശ്വത്തെ ഓര്‍മ്മിപ്പിച്ചു. പിണറായിയുടെ മുന്‍പില്‍ മുട്ടിടിച്ചു വിറച്ചു നില്‍ക്കുകയാണു സിപിഐ നേതൃത്വമെന്ന് സമ്മളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. നവകേരള സദസ്സിന്റെ ശൂരനാട് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായിയെ നവകേരളത്തിന്റെ ശില്‍പി എന്നാണു പാര്‍ട്ടി മന്ത്രി വിശേഷിപ്പിച്ചത്. ഒന്നര മണിക്കൂര്‍ പ്രസംഗിച്ചിട്ടും ഈ മ്ന്ത്രിക്ക് ഒരു തവണ പോലും അച്യുതമേനോനെ ഓര്‍മ്മ വന്നില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി.

നേരത്തെയും കൊല്ലം ജില്ലയില്‍ സിപിഐയുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിലെ ആഡംബരത്തെയും പാര്‍ട്ടിയിലെ ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങളെയും മുന്‍പ് ജില്ല കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. മുന്‍പ്, മന്ത്രിമാരാകുന്നവരെ സംസ്ഥാന എക്സിക്യൂട്ടീവിലോ ദേശീയ കൗണ്‍സിലിലോ അംഗങ്ങളാക്കുമായിരുന്നില്ല. ഇപ്പോള്‍ നേരെ തിരിച്ചാണെന്നും സമ്മേളത്തില്‍ ആ്ക്ഷേപം ഉയര്‍ന്നു. സംഘടന ശക്തിപ്പെടുത്തണമെന്ന് താല്‍പര്യമുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോയെന്നും പ്രതിനിധികള്‍ ചോദിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി പി.എസ് സുപാല്‍ മറുപടി പറഞ്ഞുവെങ്കിലും സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറഞ്ഞില്ല.